തിരുവനന്തപുരം: ലിഫ്റ്റ് സംവിധാനമടക്കമുള്ള സംസ്ഥാനത്തെ ആദ്യ ബഹുനില പൊലീസ് സ്റ്റേഷൻ കെട്ടിടം നാളെ തലസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിക്കും. ഏറ്റവും മികച്ച കമ്പ്യൂട്ടര്‍, വയര്‍ലെസ്, ക്യാമറ, വൈഫൈ സംവിധാനങ്ങൾ അടങ്ങിയ തമ്പാനൂർ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടമാണ് മുഖ്യമന്ത്രി നാളെ രാവിലെ 11 മണിക്ക് ഉദ്ഘടനം ചെയ്യുന്നത്. തമ്പാനൂര്‍ ന്യൂ തിയേറ്ററിന് എതിര്‍വശത്താണ് നാലു നിലയിലുള്ള പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിർമിച്ചിരിക്കുന്നത്. 2.50 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.    

കേന്ദ്രസര്‍ക്കാര്‍ 2006ല്‍ സംസ്ഥാനത്തിന് അനുവദിച്ച ആദ്യത്തെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനായിരുന്നു തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍. പൊലീസ് സ്റ്റേഷനുവേണ്ടി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുകയും അനുവദിച്ചിരുന്നു. എന്നാല്‍ റോഡ്, പാലം എന്നിവയുടെ വീതികൂട്ടല്‍,  ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കല്‍ എന്നിങ്ങനെയുളള സാങ്കേതിക കാരണങ്ങളാല്‍ യഥാസമയം കെട്ടിട നിര്‍മ്മാണം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. നിലവിലെ പ്ലാനില്‍ ചില മാറ്റങ്ങള്‍ വരുത്തി ഓടയുടെയും ട്രാന്‍സ്ഫോര്‍മറിന്‍റെയും മറ്റും സ്ഥാനം മാറ്റാതെ തന്നെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 2017ല്‍ തീരുമാനിച്ചു. അതിന്‍റെ അനന്തരഫലമാണ് ലിഫ്റ്റ് സംവിധാനമടക്കമുളള കേരളത്തിലെ ആദ്യത്തെ ഈ ബഹുനില പൊലീസ് സ്റ്റേഷന്‍ കെട്ടിടം. ഏറ്റവും മികച്ച കമ്പ്യൂട്ടര്‍, വയര്‍ലെസ്, ക്യാമറ, വൈഫൈ സംവിധാനങ്ങളും സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Read More: നക്ഷത്രച്ചെടികൾ കൊണ്ട് വനം, പഴശേഖരവും വളര്‍ത്തുമൃഗങ്ങളുമടക്കം ഏറെയുണ്ട് വസന്തോത്സവത്തില്‍

 പൊലീസ് സ്റ്റേഷനുകള്‍ വഴി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍  കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് കേരള പൊലീസെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. ഓരോ പൊലീസ് സ്റ്റേഷനും മികച്ച സേവന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനാണ് കേരള സര്‍ക്കാര്‍ പരിഗണന നല്‍കുന്നതെന്നും  സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും സേവന കേന്ദ്രങ്ങളായി മാറുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും കേരളമെന്നും അദ്ദേഹം പറഞ്ഞു.