പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. ഇയാൾ കുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വീഡിയോ കാണിച്ചിരുന്നു
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കാട്ടാക്കട കുളത്തുമ്മൽ തൂങ്ങാപ്പാറ സ്വദേശിയായ 38കാരനാണ് അറസ്റ്റിലായത്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. ഇയാൾ കുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വീഡിയോ കാണിച്ചിരുന്നു. അതിന് ശേഷമാണ് ലൈംഗികമായി കുട്ടികളെ ദുരൂപയോഗം ചെയ്തത്. ചൈൽഡ് ലൈനിൻ നിന്നും ലഭിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കരമന എസ്.എച്ച്.ഒ അനൂപ്, സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, സി.പി.ഒമാരായ ഫിരൺ, അജികുമാർ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കളമശേരിയിലും സമാന സംഭവം
സമാനമായ മറ്റൊരു സംഭവത്തിൽ എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അയൽവാസിയായ യുവാവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കളമശ്ശേരി പൊലീസിന് പരാതി ലഭിക്കുന്നത്. തൊട്ടടുത്ത വീട്ടിലെ യുവാവാണ് കുട്ടിയെ ഉപദ്രവിച്ചത്. ഈ കുടുംബവുമായി പരിചയമുളള യുവാവാണ് ഇയാള്‍. ഈ പരിചയം മുതലെടുത്താണ് ഇവരുടെ വീട്ടിൽ വെച്ചും സ്വന്തം വീട്ടിൽ വെച്ചും കുഞ്ഞിനെ, കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് പരാതി.

