തൊഴിയൂര്‍: മരിച്ചയാളെ ഇപ്പോഴും അറിയില്ല, ചിത്രം മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ തൃശ്ശൂര്‍ തൊഴിയൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ബിജി പറഞ്ഞത് സത്യമായിരുന്നുവെന്ന് തെളിയുകയാണ്. 

കുറ്റം സമ്മതിക്കാന്‍ സമാനതകളില്ലാത്ത പീഡനമായിരുന്നു ലോക്കപ്പില്‍ നേരിട്ടത്. സമൂഹത്തില്‍ നിന്നും നേരിട്ടത് ക്രൂരമായ ഒറ്റപ്പെടുത്തലായിരുന്നു. ലോക്കപ്പ് പീഡനങ്ങളുടെ ബാക്കിപത്രമായി കൂടെ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഒരാള്‍ മരിച്ചത് ക്ഷയം പിടിച്ചായിരുന്നു. സമൂഹത്തില്‍ കുടുംബം ഒറ്റപ്പെട്ടു. നിശ്ചയിച്ച വിവാഹം മുടങ്ങിപ്പോയി. ക്രൂരമായ രീതിയില്‍ ആയിരുന്നു 1994 ഡിസംബര്‍ 4ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുനില്‍ കൊല്ലപ്പെടുന്നത്. 

വീട്ടില്‍ കയറി സുനിലിനെ വെട്ടിക്കൊല്ലപ്പെടുത്തുകയായിരുന്നു. ക്രൂരമായ കൊലപാതകം ചെയ്ത ആളെന്ന നിലയില്‍ വളരെ മോശപ്പെട്ട ആളെന്ന നിലയിലായിരുന്നു നാട്ടുകാരുടെ പെരുമാറ്റം. ലോക്കപ്പിലെ ക്രൂരമായ മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് കുറ്റം സമ്മതിച്ചത്. ഇതോടെ കുടുംബം സമൂഹത്തില്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പതിനൊന്ന് ദിവസമാണ് ലോക്കപ്പില്‍ വച്ച് മര്‍ദ്ദിച്ചത്. 

ഇതിനിടെ കുറ്റം സമ്മതിക്കാനെന്ന പേരില്‍ അമ്പതിനായിരം രൂപയും ഇടനിലക്കാരന്‍ പൊലീസിന് വേണ്ടി ഈടാക്കിയെന്നും ബിജി പറയുന്നു. അനുഭവിച്ച യാതനകള്‍ക്ക് ഒരിക്കലും പരിഹാരമാകില്ലെന്ന് സിപിഎം പ്രവര്‍ത്തകനായ ബിജി പറയുന്നു. സമൂഹത്തില്‍  അറിയപ്പെടുന്ന ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ച് ഒരു തീവ്രവാദസംഘടനയായിരുന്നു സുനിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ബിജി വ്യക്തമാക്കി. 1994 ഡിസംബര്‍ നാലാം തീയതി പുലര്‍ച്ചെയായിരുന്നു ചാവക്കാട് തൊഴിയൂരില്‍ സുനില്‍ എന്ന ദളിത് യുവാവിനെ അക്രമികള്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുന്നത്. 

ഈ സംഭവത്തില്‍ പൊലീസ് കുറ്റവാളികളായി കണ്ടെത്തിയത് എട്ടുപേരെയായിരുന്നു. ബാബുരാജ്, ഹരിദാസ്, ബിജി, റഫീഖ് എന്ന നാല് സിപിഎം പ്രവര്‍ത്തകരെയായിരുന്നു മുഖ്യപ്രതികളാക്കിയത്. ഇവര്‍ക്ക് തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. എന്നാല്‍ പിന്നീട് മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട നടന്ന പൊലീസ് അന്വേഷണത്തില്‍ തൊഴിയൂര്‍ സുനില്‍ വധക്കേസും ഉള്‍പ്പെടുകയും അതിലെ യഥാര്‍ത്ഥ പ്രതികള്‍ ഒരു തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണെന്നും കണ്ടെത്തുകയായിരുന്നു. 

ഈ വിവരം കാണിച്ച് ബാബുരാജും കൂട്ടരും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കേസില്‍ പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ പ്രതികളില്‍ ഒരാളെ പൊലീസ്  അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെയും ഉടന്‍ കണ്ടെത്തുമെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. കോടതി വെറുതെ വിട്ടെങ്കിലും കുറ്റവാളി എന്ന നിലയില്‍ തന്നെയായിരുന്നു സമൂഹം കണ്ടത്.