ചാത്തനേറിൽ പൊറുതിമുട്ടി ജനം, നടപടിയെടുക്കാതെ പൊലീസ്, വീടുകൾക്കും കടകൾക്കും നേരെ അക്രമണം
പല വീടിന്‍റെയും ആസ്ബറ്റോസിട്ട മേല്‍ക്കൂരകള്‍ കല്ലേറില്‍ തകർന്നു. വീടുകള്‍ മാത്രമല്ല കടകള്‍ക്കുനേരെയുമുണ്ട് അക്രമം

കല്ലാർകുട്ടി: ചാത്തനേറിൽ പൊറുതിമുട്ടി ഇടുക്കി കല്ലാർകുട്ടി നിവാസികൾ. രാത്രിയില്‍ വീടുകൾക്ക് നേരെ കല്ലെറിയുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സംഭവത്തില്‍ ഉടനടിയുള്ള നടപടി തേടി നാട്ടുകാര്‍ ജില്ലാ ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞ 9 മാസമായി കല്ലാര്‍ കുട്ടി നായ്കുന്ന് ഭാഗത്ത് ആളുകള്‍ക്ക് രാത്രിയായാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റുന്നില്ല. സന്ധ്യ മയങ്ങുമ്പോഴേക്കും കല്ലേറ് തുടങ്ങും. പല വീടിന്‍റെയും ആസ്ബറ്റോസിട്ട മേല്‍ക്കൂരകള്‍ കല്ലേറില്‍ തകർന്നു. വീടുകള്‍ മാത്രമല്ല കടകള്‍ക്കുനേരെയുമുണ്ട് അക്രമം.
ഷീറ്റുകള്‍ എറിഞ്ഞ് പൊട്ടിയതിനേ തുടര്‍ന്ന് മാറ്റിയിട്ടിട്ടും ഫലമില്ല. പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നെന്നാണ് നാട്ടുകാര്‍ വിശദമാക്കുന്നത്. പരാതിയില്‍ പൊലീസ് നടപടിയെടുക്കാത്തതോടെ അക്രമികള്‍ ഒന്നുകൂടി ഉഷാറായി. ഇപ്പോള്‍ കല്ലേറിനിരയാകുന്ന നാട്ടുകാരുടെയും കെട്ടിടങ്ങളുടെയും എണ്ണം പ്രതിദിനം കൂടുകയാണ്.
ഉടന്‍ പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാല്‍ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നെന്നാണ് അടിമാലി പൊലീസിന്‍റെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം