ഉറങ്ങാനാകുന്നില്ല, ദിവസവും രാത്രിയിൽ വീടുകൾക്ക് നേരെ കല്ലേറ്; പൊറുതിമുട്ടി നാട്ടുകാർ
പല വീടിന്‍റെയും ആസ്ബറ്റോസിട്ട മേൽക്കൂരകൾ കല്ലേറില്‍ തകർന്നു. കടകള്‍ക്ക് നേരെയുമുണ്ട് അക്രമം. പരാതിയില്‍ പൊലീസ് നടപടിയെടുക്കാത്തതോടെ അക്രമികള്‍ ഒന്നുകൂടി ഉഷാറായി.

ഇടുക്കി: രാത്രിയില്‍ വീടുകൾക്ക് നേരെ കല്ലെറിയുന്ന സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന പരാതിയുമായി ഇടുക്കി കല്ലാർകുട്ടി സ്വദേശികൾ. ദിവസവും കല്ലേറ് തുടങ്ങിയതോടെ നാട്ടുകാർ പരിഹാരമാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് കഴിഞ്ഞു. അതേസമയം അന്വേഷിക്കുന്നുവന്നാണ് വെള്ളത്തൂവൽ പൊലീസിന്‍റെ വിശദീകരണം. കഴിഞ്ഞ ഒമ്പത് മാസമായി കല്ലാര്‍ കുട്ടി നായ്കുന്ന് ഭാഗത്ത് ആളുകള്‍ക്ക് രാത്രിയായാല്‍ വീട്ടില്‍ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. സന്ധ്യമയങ്ങുമ്പോഴേക്കും കല്ലേറ് തുടങ്ങും.
പല വീടിന്‍റെയും ആസ്ബറ്റോസിട്ട മേൽക്കൂരകൾ കല്ലേറില്‍ തകർന്നു. കടകള്‍ക്ക് നേരെയുമുണ്ട് അക്രമം. പരാതിയില്‍ പൊലീസ് നടപടിയെടുക്കാത്തതോടെ അക്രമികള്‍ ഒന്നുകൂടി ഉഷാറായി. ഇപ്പോള്‍ കല്ലേറിനിരയാകുന്ന നാട്ടുകാരുടെയും കെട്ടിടങ്ങളുടെയും എണ്ണം പ്രതിദിനം കൂടുകയാണ്. ഉടന്‍ പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം, കണ്ണൂരിൽ കഴിഞ്ഞ മാസം ബ്ലാക്ക് മാൻ ശല്യം രൂക്ഷമായിരുന്നു.
Read More.... വീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞതിന് ജയിലിൽ; ജാമ്യത്തിലിറങ്ങി വീണ്ടും അതേ വീട്ടിൽ അതിക്രമം, യുവാവ് അറസ്റ്റിൽ
വീടുകളിലെത്തി ചുവരിൽ ബ്ലാക്ക് മാൻ എന്നെഴുതിയാണ് അജ്ഞാതൻ മടങ്ങിയിരുന്നത്. ദേഹമാസകലം മുണ്ടു കൊണ്ട് മറച്ചൊരാള്‍ ആണ് വീടുകളിൽ എത്തിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. കതകിൽ മുട്ടി പേടിപ്പിക്കലും കൈയടയാളം പതിക്കലുമെല്ലാമായിരുന്നു നേരത്തെ ഇയാളുടെ പതിവ്. വീടുകളുടെ ചുമരുകളിൽ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ചെറുപുഴയിൽ ബ്ലാക്ക് മാൻ വിലസിയത്. വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു പതിവ് ചുമരിൽ കൈയടയാളം പതിപ്പിച്ചും സ്ഥലം വിടും.