കോഴിക്കോട്: ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ 22-ന് റെഡ്അലേര്‍ട്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. ദുരന്ത പ്രതിരോധ-നിവാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നഗരസഭയിലെ എല്ലാ ഡ്രെയിനേജുകളും കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം പരിശോധിച്ച് ഉടന്‍ തടസ്സങ്ങള്‍ നീക്കി വൃത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഓരോ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടു നല്കാന്‍ വില്ലേജ്ഓഫീസര്‍, പഞ്ചായത്ത്‌സെക്രട്ടറി  അസി സെക്രട്ടറി, മൈനര്‍ ഇറിഗേഷന്‍ എഇ, എന്‍ആര്‍ഇജിഎസ് എഇ, എല്‍എസ്ജിഡി എഇ എന്നിവരുള്‍പ്പെടുന്ന ഒരു ടീമിനെ നിയോഗിക്കാന്‍ കള്കടര്‍ നിര്‍ദേശിച്ചു.

അപകട സാധ്യതയുള്ള മരച്ചില്ലകളും വെള്ളക്കെട്ടുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ഡ്രെയിനേജുകളും ഇവര്‍ പരിശോധിച്ച് കണ്ടെത്തി വേണ്ട നടപടികളെടുക്കണം. ജില്ലയില്‍  22 ന് റെഡ് അലേര്‍ട്ടും 21,23 തീയതികളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.