വാര്‍ധക്യത്തെ അവഗണിച്ച് ദിവസവും വഴിയോരങ്ങള്‍ ശുചീകരിച്ച് നാടിന് മാതൃകയാകുകയാണ് ചാലക്കുടി മേലൂര്‍ സ്വദേശിയായ 86കാരൻ സോമന്‍. പ്ലാന്റേഷന്‍ തൊഴിലാളിയായി വിരമിച്ച ശേഷം പരിസര ശുചീകരണത്തിനായി പൂര്‍ണ്ണസമയം നീക്കിവെച്ചിരിക്കുകയാണ് ഇദ്ദേഹം.
തൃശൂര്‍: വാര്‍ധക്യത്തിന് മുന്നില്‍ തലകുനിക്കാതെ വഴിയോരങ്ങള്‍ ശുചീകരിച്ച് വയോധികന്‍. ചാലക്കുടി മേലൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ അമ്പലനട താന്നിക്കുഴി വീട്ടില്‍ സോമനാണ് എണ്‍പത്തിയാറാം വയസിലും റോഡും പരിസരവും ശുചീകരിച്ച് നാടിന് മാതൃകയാകുന്നത്. രാവിലെ അഞ്ചിന് എഴുന്നേല്‍ക്കുന്ന സോമന്‍ പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ശുചീകരണത്തിനിറങ്ങും. റോഡിലെ പുല്ലുകളും മാലിന്യങ്ങളും നീക്കം ചെയ്യും. തുടര്‍ന്ന് സമീപത്തെ മതിലുകളിലെ പൂപ്പലടക്കമുള്ളവ ചുരണ്ടി വൃത്തിയാക്കും. റോഡില്‍ വീണ് കിടക്കുന്ന ഉണങ്ങിയ ഇലകളെല്ലാം കമ്പിയില്‍ കുത്തിയെടുത്ത് കളയുന്നതാണ് പകല്‍ സമയങ്ങളിലെ രീതി. നാലും അഞ്ചും തവണയാണ് വഴിയോരങ്ങളില്‍ വീണ് കിടക്കുന്ന ഇലകള്‍ നീക്കം ചെയ്യാന്‍ ഓരോ ദിവസവും സോമനെത്തുന്നത്. അമ്പലനട തൈക്കാട്ടുചിറ റോഡിന്റെ ഒന്നര കിലോമീറ്ററോളം ഭാഗത്താണ് സോമന്റെ ശുചീകരണം.
ഒരു പുല്ലുപോലുമില്ലാത്ത ഈ ഭാഗം പഞ്ചായത്തിന്റെ മാതൃക റോഡാക്കി മാറ്റിയിരിക്കുകയാണ് സോമന്‍. ഈ ഭാഗത്തെ മുഴുവന്‍ മതിലുകളിലേയും പുല്ലും പൂപ്പലുമെല്ലാം ചുരണ്ടിക്കളഞ്ഞ് വൃത്തിയാക്കുന്നതും സോമന്റെ ഹോബിയാണ്. പ്ലാന്റേഷന്‍ തൊഴിലാളിയായിരുന്ന കാലത്തും പരിസരമെല്ലാം വൃത്തിയാക്കുന്ന ശീലമുണ്ടായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചതോടെ മുഴുവന്‍ സമയവും പരിസര ശുചീകരണത്തിനായി സോമന്‍ നീക്കിവച്ചു. ഭാര്യയുടേയും മകന്റേയും മരണത്തോടെ മരുമകള്‍ക്കും പേരക്കുട്ടിക്കുമൊപ്പമാണ് സോമന്‍.


