Asianet News MalayalamAsianet News Malayalam

ശബരിമല ഡ്യൂട്ടിക്ക് ഐജി പോയപ്പോള്‍ ചുമതലയേറ്റ ഭാനുകൃഷ്ണ ഐപിഎസ്; ഒരു വലിയ തട്ടിപ്പിന്‍റെ കഥ

ലോഡ്ജ് ഉടമയെ കബളിപ്പിച്ച് പണം തട്ടിയതിന് കേസ്, വിവാഹം വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തതിന് രണ്ടാം ഭാര്യയുടെ പരാതിയില്‍ കേസ്, ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയതിനും കേസ്... അങ്ങനെ വ്യാജ ഐപിഎസുകാരന് പൊലീസ് വക 'മികച്ച പണി' തന്നെ ലഭിച്ചു

story of fake ips officer arrested from thrissur
Author
Thrissur, First Published Nov 7, 2018, 12:59 PM IST

തൃശൂര്‍: സുരേഷ് ഗോപിയുടെ പൊലീസ് സിനിമകള്‍ തീയറ്ററുകള്‍ നിറച്ചപ്പോള്‍ ചേര്‍പ്പ് റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടര്‍ മിഥുനും അങ്ങനെയാകണമെന്ന് മോഹിച്ചു. അങ്ങനെ ആദ്യം എസ്ഐ ആയി... പിന്നീട് സ്വയം സ്ഥാനക്കയറ്റം നല്‍കി ഡിഐജിയായി.

ശബരിമല ഡ്യൂട്ടിക്കായി  മധ്യമേഖല ഐജി പോയപ്പോള്‍ താല്കാലിക ഡിഐജിയായി ചുമതലയേല്‍ക്കുകയും ചെയ്തു. ഒപ്പം പേരുമൊന്ന് മാറ്റി, ആര്‍. ഭാനുകൃഷ്ണ ഐപിഎസ്. കണ്ടകട്ര്‍ മിഥുന്‍ ഭാനുകൃഷ്ണയായത് എങ്ങനെ? തട്ടിപ്പുകളുടെ കഥ പുറത്ത് വരുമ്പോള്‍ അത് സിനിമക്കഥയെക്കാള്‍ ട്വിറ്റുകള്‍ നിറഞ്ഞതാകുന്നു. ഐജി ചമഞ്ഞ് നിരവധി തട്ടിപ്പ് നടത്തിയ ചേർപ്പ് സ്വദേശി മിഥുനാണ് മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. 

കണ്ടക്ടര്‍ മിഥുനില്‍ ഭാനുകൃഷ്ണയായ കഥ

തൃശൂര്‍ മെഡിക്കല്‍ കോളജ് പരിസരത്തുള്ള ലോഡ്ജിലാണ് മിഥുന്‍ ആദ്യമെത്തിയത്. ഭാര്യയും കൈക്കുഞ്ഞുമായി നല്ല പെരുമാറ്റത്തോടെ കണ്ട യുവാവിന് ലോഡ്ജ് ഉടമ മുറി നല്‍കി. പ്രതിമാസ വാടകയും പറഞ്ഞു. ലോഡ്ജ് ഉടമയെ പിന്നെ വിശദമായി പരിചയപ്പെട്ടപ്പോള്‍ യുവാവ് പറഞ്ഞു.

'പൊലീസ് ഉദ്യോഗസ്ഥനാകണമെന്നാണ് മോഹം. ടെസ്റ്റ് എഴുതിയിട്ടുണ്ട്. അതൊരു സര്‍പ്രൈസ് ആയി ഇരിക്കട്ടെ'. പിന്നെ ഒരു ദിവസം  സന്തോഷവാനായി ലോഡ്ജില്‍ എത്തിയ യുവാവ് ആ സര്‍പ്രൈസ് പൊട്ടിച്ചു. ഐപിഎസ് സെലക്ഷന്‍ കിട്ടി, തിരുവനന്തപുരത്താണ് പരിശീലനം'. ഇതെല്ലാം പാവം ലോഡ്ജ് ഉടമ വിശ്വസിച്ചു.

ഏറെ കഷ്ടപ്പെട്ടു പഠിച്ച യുവാവ്, നിര്‍ധന കുടുംബാംഗം, ലോഡ്ജില്‍ വാടകയ്ക്കു താമസിക്കാന്‍ വന്ന യുവാവ് ഐപിഎസുകാരനായി മാറിയ കഥയില്‍ ഒരു വിശ്വാസക്കുറവും ലോഡ്ജ് ഉടമയ്ക്ക് ഉണ്ടായില്ല. റിട്ടയേര്‍ഡ് ട്രഷറി ഉദ്യോഗസ്ഥന്‍ കൂടിയാണ് ഈ ലോഡ്ജ് ഉടമ. 
തിരുവനന്തപുരത്ത് പരിശീലന കാലയളവില്‍ വണ്ടി കിട്ടില്ലെന്ന് പറഞ്ഞ മിഥുന്‍ വീണ്ടും ലോഡ്ജ് ഉടമയുടെ അടുത്തെത്തി.

ഒരു ജീപ്പ്, അതും ബൊലേറോ ആണ് തന്‍റെ ആഗ്രഹമെന്ന് പറഞ്ഞു.  ഐപിഎസ് ലഭിച്ച ഒരു യുവാവിനെ സഹായിക്കുന്നത് നല്ല കാര്യമല്ലേയെന്ന് ലോഡ്ജ് ഉടമയും കരുതി. തൃശൂരില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് വാങ്ങി. മൂന്നര ലക്ഷമായിരുന്നു വില. പിന്നെ, ലാപ്‌ടോപ്പ്, തോക്കു വാങ്ങാന്‍ ഒന്നര ലക്ഷം രൂപ എന്നിങ്ങനെ തട്ടിപ്പിന്‍റെ നിര കൂടി കൂടി വന്നു.

ഐപിഎസ് പരിശീലനത്തിനിടെ വെടിവെയ്പ്പ് പരിശീലനമുണ്ടാകും, അതിന് കഴിവ് തെളിയിക്കണമെങ്കില്‍ സ്വന്തമായി തോക്കു വേണമെന്ന് ലോഡ്ജ് ഉടമയെ ധരിപ്പിച്ചു. അങ്ങനെ, അഞ്ചു ലക്ഷം രൂപയോളം രൂപ ലോഡ്ജ് ഉടമ ചെലവഴിച്ചു. 

പണം മാത്രമല്ല, പെങ്ങളെയും തട്ടിയെടുത്ത കഥ

മെഡിക്കല്‍ കോളജ് പരിസരത്ത് വച്ച് പരിചയപ്പെട്ട ഒരു യുവാവുമായി മിഥുന്‍ സൗഹൃദം സ്ഥാപിച്ചു. ഈ യുവാവിന്‍റെ വീട്ടില്‍ നിത്യസന്ദര്‍ശകനായി. സഹോദരിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചു. ഡിഐജിയാണ്, ഇപ്പോള്‍ സസ്‌പെന്‍ഷനിലാണെന്ന് പറഞ്ഞ് ധരിപ്പിച്ചു.

ഇക്കാര്യം പുറത്താരും അറിയരുതെന്ന് പറയുന്നതിനൊപ്പം സഹോദരന് പൊലീസില്‍ ജോലി വാങ്ങിത്തരാമെന്ന വാഗ്ദാനവും നല്‍കി. അതിന് അഞ്ചു ലക്ഷം രൂപ ചെലവുണ്ടെന്ന് മാത്രം. അളിയനാകാന്‍ പോകുന്ന ഡിഐജിയല്ലേ പറയുന്നത്, അഞ്ചു ലക്ഷം രൂപ കടം വാങ്ങി കൊടുത്തു.

പൊലീസ് കോണ്‍സ്റ്റബിളാകാന്‍ മോഹിച്ച സഹോദരന്‍ കാത്തിരുന്നു. ഇതിനിടെ, സഹോദരിയുമായി ഒന്നിച്ച് യാത്രയും നടത്തി. ശബരിമലയില്‍ ഡ്യൂട്ടിക്കായി ഐജി  എം.ആര്‍. അജിത്കുമാര്‍ പോയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ തട്ടിപ്പുകാരന്‍ പുതിയ അടവ് പുറത്തെടുത്തു.

ഡിഐജിയായി തൃശൂരില്‍ താല്‍ക്കാലിക ചുമതല കിട്ടി, ഉടനെ ജോയിന്‍ ചെയ്യണമത്രേ. വിവരമറിഞ്ഞ ലോഡ്ജ് ഉടമ ആഹ്ളാദിച്ചു. നമ്മുടെ സ്വന്തം പയ്യന്‍ തൃശൂരില്‍ ഡിഐജിയായി വരികയല്ലേ. വീട്ടില്‍ വിളിച്ച് സുഭിക്ഷമായ ഭക്ഷണം, ആദരം അര്‍പ്പിക്കല്‍ എല്ലാം നല്‍കി. ലോഡ്ജ് ഉടമയുടെ വീട്ടില്‍ നിന്ന് രണ്ടാമത്തെ ഭാര്യയുടെ വീട്ടില്‍ എത്തി. ബീക്കണ്‍ ലൈറ്റുമായി പൊലീസ് എന്നെഴുതിയ വാഹനം ഭാര്യ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്നു. അങ്ങനെ നാട്ടുകാര്‍ അന്വേഷിച്ചു, ആരാണ്  ഈ സന്ദര്‍ശകനെന്ന്. 

പുതിയ ഡിഐജിയെ പൊലീസ് പൊക്കിയ കഥ

തൃശൂരില്‍ പുതിയതായി ചുമതലയേറ്റെടുത്ത ഡിഐജിയാണെന്ന് നാട്ടുകാര്‍ അന്വേഷണത്തില്‍ അറിഞ്ഞു. ഈ വിവരം ഉടനെ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്രയുടെ അടുത്തെത്തി. ആര്‍. ഭാനുകൃഷ്ണ ഐപിഎസ് എന്നയാള്‍  തൃശൂരില്‍ പുതിയ ഡിഐജി ആയി എത്തിയോ എന്നാണ്  നാട്ടുകാര്‍ കമ്മിഷണറോട് ചോദിച്ചത്.

പന്തികേട് തോന്നിയ കമ്മീഷണര്‍ ഉടനെ ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ  പ്രത്യേക സംഘത്തെ സ്ഥലത്തേയ്ക്കു വിട്ടു. ഇനി മറുനാട്ടില്‍ നിന്ന് വന്ന ഏതെങ്കിലും ഐപിഎസ് ഉദ്യോഗസ്ഥനാണോ ഇയാളെന്ന് ക്രൈംബ്രാഞ്ച് സംഘവും സംശയിച്ചു. ഒറ്റനോട്ടത്തില്‍ തന്നെ പന്തികേടു തോന്നിയ പൊലീസ് ആദ്യം കാണുമ്പോഴുള്ള ആ സല്യൂട്ട് ഒഴിവാക്കി.

കയ്യോടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. സംഭവം കൈവിട്ടെന്ന് ബോധ്യമായതോടെ വ്യാജ ഐപിഎസുകാരന്‍റെ പൊയ്മുഖം അഴിഞ്ഞു വീണു. തൃശൂര്‍ ചേര്‍പ്പ് റൂട്ടിലെ സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്നു മിഥുന്‍. പത്താം ക്ലാസ് പാസായ ശേഷം പിന്നെ പഠിച്ചില്ല. ചെറുപ്പം തൊട്ടേ, സുരേഷ്‌ഗോപി സിനിമകള്‍ കണ്ട് പൊലീസാകണമെന്നായിരുന്നു മോഹം.

ബസ് കണ്ടക്ടര്‍ ജോലി അവസാനിപ്പിച്ചു. പിന്നെ, എസ്ഐയുടെ യൂണിഫോം വാങ്ങി. ചേര്‍പ്പിലെതന്നെ പരിചയപ്പെട്ട ഒരു കുടുംബവുമായി ചങ്ങാത്തം സ്ഥാപിച്ചു. എസ്ഐ ആണെന്ന വ്യാജേന ഈ കുടുംബത്തില്‍ നിന്ന് പണം വാങ്ങാന്‍ ശ്രമിച്ചു. ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം.

സംശയം തോന്നിയ വീട്ടുകാര്‍ ഉടനെ ചേര്‍പ്പ് എസ്ഐയെ വിളിച്ചു വരുത്തി കൈമാറി. അങ്ങനെ, വ്യാജ ഉദ്യോഗസ്ഥന്‍ ചമഞ്ഞതിന് അകത്തായി. പിന്നെ, എസ്ഐ വേഷത്തില്‍ നിന്ന് നേരെ ഡിഐജിയായി 'സെല്‍ഫ് പ്രമോഷന്‍' നടത്തിയ മിഥുന്‍ വീണ്ടും തട്ടിപ്പിനിറങ്ങിയപ്പോഴാണ് കുടുങ്ങിയത്.

ലോഡ്ജ് ഉടമയെ കബളിപ്പിച്ച് പണം തട്ടിയതിന് കേസ്, വിവാഹം വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തതിന് രണ്ടാം ഭാര്യയുടെ പരാതിയില്‍ കേസ്, ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയതിനും കേസ്... അങ്ങനെ വ്യാജ ഐപിഎസുകാരന് പൊലീസ് വക 'മികച്ച പണി' തന്നെ ലഭിച്ചു. ഡിഐജിയുടെ യൂണിഫോം, ബീക്കണ്‍ ലൈറ്റ്, പൊലീസ് സ്റ്റിക്കര്‍, തോക്ക് തുടങ്ങി എല്ലാം വാങ്ങിയത് ചെന്നൈയില്‍ നിന്നാണെന്ന് മിഥുന്‍ മൊഴിനല്‍കി. 

Follow Us:
Download App:
  • android
  • ios