Asianet News MalayalamAsianet News Malayalam

കുഞ്ഞോത്ത് പൊലീസ് വിറച്ചു; വൈത്തിരിയില്‍ മാവോയിസ്റ്റുകളെ വിറപ്പിച്ചു

2014 ഏപ്രില്‍ 24ന് അര്‍ധരാത്രി മാനന്തവാടി ട്രാഫിക് യൂണിറ്റില്‍ ജോലി ചെയ്തിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദിന്റെ വീട്ടിലെത്തി മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു

story of Maoists in wayanad from 2014
Author
Wayanad, First Published Mar 7, 2019, 12:12 PM IST

കല്‍പ്പറ്റ: ഏകദേശം അഞ്ച് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2014ല്‍ വെള്ളമുണ്ട സ്‌റ്റേഷനില്‍ നിന്നുള്ള ഏതാനും പൊലീസുകാര്‍ നിരവില്‍പുഴ ഭാഗത്ത് ജീപ്പില്‍ സഞ്ചരിക്കവേ വാഹനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്താണ് വയനാട്ടില്‍ ആദ്യമായി മാവോയിസ്റ്റുകള്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്.

പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പരിഭ്രാന്തരായ പൊലീസുകാര്‍ സ്‌റ്റേഷനിലെത്തിയ ഉടന്‍ സംഭവം ഉന്നത ഉദ്യോഗസ്ഥരിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ശേഷമാണ് വയനാട്ടില്‍ അധികൃതര്‍ ജാഗരൂകരാകുന്നത്. ഇതേവര്‍ഷം തന്നെ കുഞ്ഞോം ഉള്‍വനത്തില്‍ ആദിവാസി കുറിച്യ വിഭാഗത്തിന്റെ ഗ്രാമമായ ചപ്പയില്‍ ആദ്യമായി മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട്, പൊലീസ് സംഘങ്ങളും നേര്‍ക്കുനേര്‍ വന്നു.

തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടെങ്കിലും ഈ സംഭവം വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഏറ്റുമുട്ടുലുണ്ടായി എന്ന് പൊലീസ് വാദമാണ് ആദ്യം പുറത്ത് വന്നത്. എന്നാല്‍, ഒരു വെടിയൊച്ച മാത്രമാണ് കേട്ടതെന്ന് കോളനിവാസികളില്‍ ചിലര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇപ്പോള്‍ ജയില്‍വാസമനുഭവിക്കുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കേരളത്തില്‍ അവരുടെ ആദ്യ ഓപ്പറേഷന്‍ ആരംഭിക്കുന്നത് കുഞ്ഞോം വനം കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍, പിടിയിലായതിന് ശേഷം തെളിവെടുപ്പിനായി രൂപേഷിനെ പ്രദേശത്ത് എത്തിച്ചപ്പോള്‍ ഇക്കാര്യങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു.

ചപ്പ ഗ്രാമത്തിലെ ഏതാനും വീടുകളില്‍ രൂപേഷും സംഘവും സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇവിടെ വെച്ച് മാവോയിസ്റ്റുകളെ പിടികൂടാനായി ശ്രമം നടന്നത്. അന്ന് വനത്തിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘത്തിനൊപ്പം പോകാന്‍ തണ്ടര്‍ബോള്‍ട്ട് തന്നെ ഭയപ്പെട്ടു. 

2014 ഏപ്രില്‍ 24ന് അര്‍ധരാത്രി മാനന്തവാടി ട്രാഫിക് യൂണിറ്റില്‍ ജോലി ചെയ്തിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദിന്റെ വീട്ടിലെത്തി മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. സംഘത്തില്‍ രൂപേഷ് ഉള്‍പ്പെടെയുള്ള മാവോവാദി നേതാക്കള്‍ ഉണ്ടായിരുന്നതായി പിന്നീട് പൊലീസ് സ്ഥിരീകരിച്ചു.

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പേര്യ റേഞ്ചിലെ വനത്തോട് ചേര്‍ന്നുള്ള മട്ടിലയത്താണ് പ്രമോദിന്റെ വീട്. വീടിന്റെ ചുമരില്‍ പതിച്ച പോസ്റ്ററില്‍ ഒറ്റുകാര്‍ക്കുള്ള ശിക്ഷ മരണമാണെന്നും, ഈ നോട്ടീസ് താക്കീത് മാത്രമാണെന്നും എഴുതിയിരുന്നു. പിന്നീട് കുഞ്ഞോത്ത് ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച് തീയിട്ട സംഭവം ഉണ്ടായി.

2018ല്‍ നിരവധിയിടങ്ങളില്‍ പകല്‍സമയങ്ങളില്‍ പോലും മാവോയിസ്റ്റുകള്‍ എത്തി ലഘുലേഖ വിതരണം ചെയ്തത് വലിയ വാര്‍ത്തകളായി മാറിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചായിരുന്നു വയനാട് പ്രസ്‌ ക്ലബില്‍ 'കനല്‍പാത'എന്ന ന്യൂസ് ബുള്ളറ്റിന്‍ ലഭിച്ചത്.

പ്രളയം സര്‍ക്കാര്‍ സൃഷ്ടിയായിരുന്നവെന്നതടക്കമുള്ള ആരോപണങ്ങളുന്നയിച്ച പ്രസിദ്ധീകരണം നാടുകാണി പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആക്ഷന്‍ (പിഎല്‍ജിഎ) പുറത്തിറക്കിയതായിരുന്നു. ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടിയ ഉദ്യോഗസ്ഥ-ഭരണകൂട സംവിധാനത്തെ ചോദ്യം ചെയ്യാനും വന്‍കിട ഡാമുകള്‍ പൊളിച്ചുമാറ്റണമെന്നും ബുള്ളറ്റിനില്‍ ആവശ്യമുന്നയിച്ചിരുന്നു.

2018 ഡിസംബര്‍ 15നാണ് തലപ്പുഴയില്‍ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയത്. തലപ്പുഴ പൊലീസ് സ്‌റ്റേഷന് സമീപത്തെ നാല്‍പ്പത്തിനാല് എന്ന ചെറിയ ടൗണില്‍ നടത്തിയ പ്രകടനം പൊലീസിനെ ശരിക്കും ഞെട്ടിച്ചു.  

വയനാട് പേര്യയിലും അമ്പായത്തോട്ടിലും സമാനരീതിയില്‍ മാവോയിസ്റ്റുകളെത്തി പ്രതിഷേധം അറിയിച്ചിരുന്നു. പിന്നീട് തുടരെ തുടരെ പടിഞ്ഞാറത്തറ സ്റ്റേഷന്‍ പരിധിയിലെ കാപ്പിക്കളം, വാളാരംകുന്ന് വൈത്തിരി സ്‌റ്റേഷന്‍ പരിധിയിലെ സുഗന്ധഗിരി, ലക്കിടി, മേപ്പാടി സ്റ്റേഷന്‍ പരിധികളിലെല്ലാം   മാവോയിസ്റ്റുകളെത്തി. പൊലീസ് എത്തുമ്പോഴേക്കും കാട്ടിലേക്ക് മറയുകയായിരുന്നു രീതി. എന്നാല്‍, ഇന്നലെ റിസോര്‍ട്ടിനുള്ളിലായിരുന്നതിനാലും എത്തിയ ഉടനെ പൊലീസ് വെടിയുതിര്‍ത്തതുമാണ് സംഘത്തിന് വിനയായത്.

Follow Us:
Download App:
  • android
  • ios