വണ്ടൂർ: ബസിൽ യാത്ര ചെയ്യാത്തവരായി ആരുമുണ്ടാകില്ല. സ്ഥിരമായി യാത്ര ചെയ്യുന്ന ബസിനോട് നിരവധി പേർക്ക് ആത്മബന്ധവും ഉണ്ടാകാറുണ്ട്. എന്നാൽ ഒരു ഗ്രാമം തന്നെ ഒരു ബസിനെ പ്രണയിച്ച കഥയാണ് വണ്ടൂർ പോരൂരിലെ കോട്ടക്കുന്നിന് പറയാനുള്ളത്. 

ഒരു നാടിന്റെ സ്പന്ദനമായി മാറുക, ആഘോഷങ്ങളിലും ആചാരങ്ങളിലുമെല്ലാം ഇഴപിരിയാൻ കഴിയാത്ത കൂട്ടുകാരനാവുക ഈ വിശേഷണങ്ങളെല്ലാം എല്ലാ ബസുകൾക്കും ലഭിക്കണമെന്നില്ല. എന്നാൽ, നാടിന്റെ വളർച്ചയിലും ഓരോ ചലനത്തിലും കൂടെ നിന്ന പിടിഎൻ, കോട്ടക്കുന്നുകാർക്ക് വെറുമൊരു വാഹനത്തിന്റെ പേര് മാത്രമല്ല. മൂന്നര പതിറ്റാണ്ടായുള്ള ആത്മ ബന്ധത്തിന്റെ കലർപ്പില്ലാത്ത വികാരമാണ്. 

കഴിഞ്ഞ 35 വർഷമായി വണ്ടൂർ ടൗണിൽ നിന്നും കോട്ടക്കുന്ന് വഴി പോരൂർ ശിവക്ഷേത്രത്തിലേക്ക് സർവ്വീസ് നടത്തുന്ന പിടിഎൻ ബസും അതിലെ ജീവനക്കാരും തലമുറകൾ തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ചലിക്കുന്ന ഓർമ്മ കൂടിയാണ്. ഓരോരുത്തരുടെയും ദിനചര്യക്കൊപ്പം സർവ്വീസ് നടത്തുന്ന ബസും ജീവനക്കാരും ഇതുവരെ ഒരു പരാതിക്കോ അപകടത്തിനോ ഇടയായിട്ടില്ല. തലമുറ മാറിയിട്ടും ജീവനക്കാർ മാറിയിട്ടും ഒരു പരിഭവവുമില്ലാതെ ദിവസവും വിദ്യാർത്ഥികളെയടക്കം സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതെല്ലാമാണ് നാട്ടുകാർക്കിടയിൽ പിടിഎന്നിനെ പ്രിയങ്കരമാക്കിയത്. 

ഇതിന്റെ നേർ സാക്ഷ്യമായിരുന്നു ന്യൂ എമറാൾഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുകാർ ബസിനും ജീവനക്കാർക്കും നൽകിയ സ്വീകരണ കാഴ്ച്ചകൾ. സത്രീകളും കുട്ടികളും മുതിർന്നവരുമടക്കം പങ്കെടുത്ത നാട്ടുത്സവമായാണ് ഇവർ പിടിഎൻ ബസിനും ജീവനക്കാർക്കും ഉടമസ്ഥനുമുള്ള ആദരവ് ഒരുക്കിയത്. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ബസിനെയും ജീവനക്കാരേയും കോട്ടക്കുന്ന് അങ്ങാടിയിലേക്ക് ആനയിച്ചു.

തുടർന്ന് നടന്ന ആദരിക്കൽ ചടങ്ങ് വണ്ടൂർ പൊലീസ് സബ് ഇൻസ്പെക്ടർ ബി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. മലപ്പുറം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഈസ്റ്റർ യാഷിക്ക ബസ് ഉടമ പി ടി എൻ ബഷീറിനെ ഉപഹാരം നൽകി ആദരിച്ചു. പങ്കെടുത്തവർക്കെല്ലാം സംഘാടകർ മധുര വിതരണവും നടത്തി.