അക്രമ സ്വഭാവമുള്ള കൂടുതൽ നായകള്‍ നഗരത്തിലുണ്ടെന്നാണ് വിവരം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിൽ തെരുവുനായ ആക്രമണം തുടരുന്നു. ഇന്ന് രാവിലെ പലസമയങ്ങളിലായി 16 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അക്രമ സ്വഭാവമുള്ള കൂടുതൽ നായകള്‍ നഗരത്തിലുണ്ടെന്നാണ് വിവരം. 

ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടുകയാണ്. ഇന്നലെ മാത്രം 56 പേരെയാണ് തെരുവുനായ ആക്രമിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും നഗരത്തിൽ പുറത്തിറങ്ങാൻ കഴിയാത്ത വിധി തെരുവുനായ ആക്രമണം രൂക്ഷമായതോടെ കോര്‍പ്പറേഷൻ കൗണ്‍സിൽ യോഗത്തിലും പ്രതിഷേധം ഉയര്‍ന്നു. പ്രതിപക്ഷ നേതാക്കള്‍ പ്ലക്കാര്‍ഡുകളും കയ്യിലേന്തി കൗണ്‍സിൽ യോഗത്തിനിടെ എത്തുകയായിരുന്നു. എൽഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിൽ കൗണ്‍സിൽ യോഗം മുടങ്ങി.

മേയറുടെ മൈക്ക് പിടിച്ചുവാങ്ങി പ്രതിഷേധം ഉയര്‍ത്തി. ഇതിനിടെ ഭരണപക്ഷ നേതാക്കള്‍ പ്രതിരോധിച്ചു. കയ്യാങ്കളിക്കുശേഷം കോര്‍പ്പറേഷന് പുറത്ത് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇന്നലെ 56 പേരെ കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തെരുവുനായ്ക്കളെ പിടികൂടാൻ കോര്‍പ്പറേഷൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം. തെരുവുനായ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. മേയറുടെ ഡയസിൽ കയറിയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്.

YouTube video player