കോഴിക്കോട് രണ്ടിടങ്ങളിൽ തെരുവുനായ ആക്രമണത്തിൽ കുട്ടികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നഗരത്തിലെ കുറ്റിച്ചിറയിലും കോഴിക്കോട് കുറ്റ്യാടി കാവിലുംപാറ ചാത്തൻകോട്ടുനടയിലുമാണ് കുട്ടികളെ തെരുവുനായക്കള്‍ ആക്രമിച്ചത്
കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളിൽ തെരുവുനായ ആക്രമണത്തിൽ കുട്ടികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നഗരത്തിലെ കുറ്റിച്ചിറയിലും കോഴിക്കോട് കുറ്റ്യാടി കാവിലുംപാറ ചാത്തൻകോട്ടുനടയിലുമാണ് കുട്ടികളെ തെരുവുനായക്കള്‍ ആക്രമിച്ചത്. കോഴിക്കോട് കോര്‍പ്പറേഷൻ പരിധിയിലെ കുറ്റിച്ചിറയിൽ അഞ്ചുവയസുകാരനെ ഇന്നലെ തെരുവുനായ് ഓടിച്ചിട്ട് ആക്രമിക്കുന്നതിന്‍റെ ദാരുണമായ ദൃശ്യങ്ങളും പുറത്തുവന്നു. വീട്ടിൽ നിന്ന് അമ്പത് മീറ്റര്‍ അകലെയുള്ള വഴിയില്‍ വെച്ചാണ് അഞ്ചുവയസുകാരനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചുപറിച്ചത്.
കളിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കുട്ടിയുടെ പുറകെ ഓടിയ തെരുവുനായ കൈയ്ക്കും കാലിനുമടക്കം കടിക്കുകയായിരുന്നു. നിലത്തുവീണ കുട്ടിയെ പലതവണ കടിച്ചുപറിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇന്നലെ വൈകിട്ടാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കുട്ടികളെ വീട്ടിലും പുറത്തും കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും മൃഗങ്ങള്‍ക്ക് മാത്രമാണ് വിലയെന്നും മനുഷ്യന് വിലയില്ലാത്ത അവസ്ഥയാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
വീട്ടിലിരുന്നാൽ കുട്ടികള്‍ മൊബൈൽ ഫോണ്‍ നോക്കിയിരിക്കും.അത് ഒഴിവാക്കാൻ പുറത്ത് കളിക്കാൻ വിട്ടാൽ അവിടെ തെരുവുനായകളുടെ ആക്രമണം ഉണ്ടാകുമെന്നും പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും പിതാവ് പറഞ്ഞു. കടിയേറ്റ കുഞ്ഞിന്‍റെ തലയിൽ അടക്കം ഇഞ്ക്ഷൻ എടുക്കേണ്ടിവന്നു. കുറ്റ്യാടി കാവിലും പാറ ചാത്തൻ കോട്ടുനടയിൽ രണ്ടു വയസുകാരനാണ് തെരു വ് നായയുടെ കടിയേറ്റത്. പട്ട്യാട്ട് നജീബിന്‍റെ മകൻ സഹ്റാനാണു കടിയേറ്റത്. ഇന്ന് രാവിലെവീടിനടുത്തു നിന്നും കളിക്കുമ്പോഴായിരുന്നു സംഭവം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു



