അലഞ്ഞുതിരിഞ്ഞ് തെരുവുനായ്ക്കള്‍, ആക്രമണം ഭയന്ന് നാട്ടുകാര്‍; മൂന്നു പേര്‍ക്ക് കടിയേറ്റു
കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ പിഞ്ചു കുട്ടികളെ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു
തിരുവനന്തപുരം:പാച്ചല്ലൂർ മന്നം നഗറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു. മന്നംനഗർ സ്വദേശികളായ അജിത,ഹുസൈൻ ,ഗാന്ധിമതി എന്നിവർക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഇതു വഴി കാൽനടയായി സഞ്ചരിച്ച പലരും നായയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
പാച്ചല്ലൂർ - തിരുവല്ലം പരിസര പ്രദേശങ്ങളിലും കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ പിഞ്ചു കുട്ടികളെ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ആക്രമണത്തെ ഭയന്ന് പലർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അലഞ്ഞ് തിരിയുന്ന തെരുവ് നായകളുടെ കാര്യത്തിൽ നഗരസഭ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്നം നഗർറസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. മുമ്പും സമാനമായ രീതിയില്‍ പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവുനായ്ക്കളുടെ ശല്യം കാരണം സ്കൂളിലേക്ക് പോലും വിദ്യാര്‍ഥികള്‍ക്ക് പേടിയില്ലാതെ പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
കൈയിലും കഴുത്തിലും കാലിലും കടിച്ചു, മാന്നാറില്‍ തെരുവുനായ് ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
മാന്നാർ: മാന്നാറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്നു പേർക്ക് കൂടി പരിക്കേറ്റു. കുട്ടംപേരൂർ ചാങ്ങയിൽ ജങ്ഷനിൽ വെച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേരെയും പാൽ വാങ്ങാനായി വന്ന ഗ്രഹനാഥനെയുമാണ് നായ്ക്കൾ ആക്രമിച്ചത്. പ്രഭാത സവാരിക്ക് ഇറങ്ങിയ കുട്ടൻപേരൂർ വേലംപറമ്പിൽ സുരേഷ് കുമാർ(53), കുട്ടൻപേരൂർ വൈഷ്ണവം വീട്ടിൽ വിഷ്ണു ദേവ് (27), പാൽ വാങ്ങുന്നതിനായി കടയിലേക്ക് പോയ കുട്ടൻപേരൂർ മണലിൽ തറയിൽ ദാമോദരൻ (73) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കയ്യിലും, കാലിലുമാണ് പരിക്ക്. സുരേഷ് കുമാറിന്‍റെ കഴുത്തിനാണ് നായ കടിച്ചത്.
പരിക്കേറ്റവര്‍ക്ക് മുറിവ് കൂടുതലായതിനാൽ വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടംപേരൂരിൽനായ ശല്യം രൂക്ഷമായതോടെ ആളുകൾക്ക് വഴിയിലൂടെ യാത്ര ചെയ്യാൻ പറ്റാത്തവസ്ഥയാണ്. പുറത്തിറങ്ങിയാൽ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്.കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കുട്ടികൾ ഉൾപ്പെടെ പത്തിലധികം പേർക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്.