Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു; 9 വയസ്സുകാരന് വളർത്ത് നായയുടെ കടിയേറ്റു

കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്. കോഴഞ്ചേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി.

Stray Dog Attack in pathanamthitta
Author
First Published Sep 21, 2022, 3:35 PM IST

പത്തനംതിട്ട: പത്തനംതിട്ട ആറന്മുള നാൽക്കാലിക്കലിൽ 9 വയസ്സുകാരന് വളർത്ത് നായയുടെ കടിയേറ്റു. നാൽക്കാലിക്കൽ സ്വദേശി സുനിൽ കുമാറിന്റെ മകൻ അഭിജിത്തിനാണ് വളർത്ത് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ അടക്കം നൽകി. കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്. കോഴഞ്ചേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി.

സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുകയാണ്. തിരുവനന്തപുരം വെഞ്ഞാറമൂട് ചെമ്പൂര് വീട് വളപ്പിൽ കയറി വൃദ്ധനെ നായ കടിച്ചു. ഗോപിനാഥ് (84) ആണ് കടിയേറ്റത്. ഇതേ നായ റബർ തോട്ടത്തിലെ തൊഴിലാളിയെയും കടിച്ചു. അതിനിടെ, പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്ന നായ ചത്തു. കൊക്കത്തോട് സംരക്ഷണ കേന്ദ്രത്തിലായിരുന്ന പട്ടി ഇന്ന് പുലർച്ചെയാണ് ചത്തത്. നായയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തുക. 

അതേസമയം, സംസ്ഥാനത്ത് പേവിഷ പ്രതിരോധത്തിനായുള്ള തീവ്രയജ്ഞത്തിന് തുടരുകയാണ്. കർമ്മപദ്ധതിയുടെ ഭാഗമായവർക്കുള്ള പരിശീലനവും മുൻകരുതൽ വാക്സിനേഷനും പൂർത്തിയാകേണ്ടതിനാൽ വ്യാപക വന്ധ്യംകരണം പൂർണതോതിലാകാൻ വൈകും. നായ്ക്കളെ പിടിക്കാൻ വളണ്ടിയർമാരെ കുടുംബശ്രീ വഴി കണ്ടെത്താനാണ് സർക്കാർ ശ്രമം. തെരുവ് നായ്ക്കളെ പിടികൂടി വ്യാപക വാക്സിനേഷൻ, ഷെൽട്ടറുകളിലേക്ക് മാറ്റൽ, വന്ധ്യംകരണം, മാലിന്യം നീക്കി ശുചീകരണ യജ്ഞം. കൊവിഡിന് സമാനമായി പേവിഷ ബാധയും, തെരുവ് നായ ആക്രമണങ്ങളെയും ചെറുക്കാനുള്ള കർമ്മപദ്ധതി തുടങ്ങിയെങ്കിലും ട്രാക്കിലാകാൻ സമയമെടുക്കും. പ്രധാന ജില്ലാ കേന്ദ്രങ്ങൾ, കോർപ്പറേഷനുകൾ, സൗകര്യമുള്ള തദ്ദേശ കേന്ദ്രങ്ങൾ, വെറ്റിനറി ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രധാനമായും  വാക്സിനേഷൻ നടക്കുന്നത്. ആവശ്യത്തിന് വാക്സിനുണ്ടെങ്കിലും പ്രധാനമായും വളർത്തുനായ്ക്കൾക്കാണ് വാക്സിനേഷൻ. 

Follow Us:
Download App:
  • android
  • ios