തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കില്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.  ഞാണ്ടൂര്‍ക്കോണം ആളിയില്‍ത്തറട്ട ശാരദവിലാസത്തില്‍ ഹവിന്ദ് കുമാറാണ് മരിച്ചത്. എംസി റോഡില്‍ മണ്ണന്തല മരുതൂരിന് സമീപമാണ് അപകടം നടന്നത്.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് ശേഷം സുഹൃത്തിനൊപ്പം വരുകയായിരുന്നു ഹവിന്ദ്. സുഹൃത്തിനെ വീട്ടിലാക്കി തന്‍റെ വീട്ടിലേക്ക് പോകുന്നവഴിയാണ് ഹവിന്ദിനെ നായ്ക്കള്‍ ആക്രമിച്ചത്. ബൈക്കിന് പിന്നാലെ ഓടിയെത്തിയ നായ്ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടാനായി ബൈക്ക് വെട്ടിത്തിരിക്കവേ കെഎസ്ആര്‍ടിസി ബസ് വന്ന് ബൈക്കില്‍ ഇടിക്കുകയായിരുന്നു.