വ്യാപാരിയായ ഷൗക്കത്ത്, യാത്രക്കാരിയായ വയോധിക, ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികൻ എന്നിവർക്കാണ് കടിയേറ്റത്.
ചാരുംമൂട്: രാവും പകലും തെരുവുനായ്ക്കൾ കൂട്ടത്തോടെ കറങ്ങി നടക്കുന്ന ചാരുംമൂട് ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ വ്യാപാരിയടക്കം മൂന്ന് പേർക്ക് കടിയേറ്റു. വ്യാപാരിയായ ഷൗക്കത്ത്, യാത്രക്കാരിയായ വയോധിക, ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികൻ എന്നിവർക്കാണ് കടിയേറ്റത്. വയോധികനെ ആക്രമിക്കുന്നതിനിടെ നാട്ടുകാർ അടിച്ചുവീഴ്ത്തിയ നായ പിന്നീട് ചത്തു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ടൗണിൽ കിഴക്കേ ബസ് സ്റ്റോപ്പിനു സമീപമായിരുന്നു സംഭവം. നായയുടെ കടിയേറ്റവർ നൂറനാട് സാനിട്ടോറിയം ആശുപത്രിയിൽ ചികിത്സ തേടി.
ഷൗക്കത്തിന്റെ കാലിൽ കടിച്ചിട്ട് ഓടിയ നായ യാത്രക്കാരിയായ വയോധികയെയും കടിക്കുകയായിരുന്നു. തുടർന്ന് തെരുവിലെ ഭക്ഷണ അലമാരയിൽ നിന്നും ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികനെയും ആക്രമിച്ചു. സമീപത്തെ കടയിലേക്ക് വന്ന യുവതിയെ ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ നായ തിരിഞ്ഞത്.
കടിയേറ്റിട്ടും ഇദ്ദേഹം നായയെ പിടിച്ചുനിർത്തിയതോടെ ഓടിയെത്തിയ യാത്രക്കാർ വടികൊണ്ട് നായയെ അടിച്ചു വീഴ്ത്തുകയായിരുന്നു. ചാരുംമൂട് ടൗണിൽ തെരുവുനായ് ശല്യം അതീവ രൂക്ഷമായി തുടരുകയാണ്. ടൗണിനു സമീപമുള്ള വീട്ടിലെ കുട്ടി ഒരു വർഷം മുൻപ് പേവിഷബാധയേറ്റ് മരിച്ചതിന്റെ നടുക്കം മാറുംമുൻപാണ് വീണ്ടും ആക്രമണമുണ്ടായത്.


