ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് മൂന്ന് പേരെ നായ കടിച്ചു. രണ്ട് പേരെക്കൂടി ആക്രമിച്ചെങ്കിലും അവർ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. വിദ്യാര്‍ത്ഥിയായ നന്ദഗോപാലന്‍ (16), നിഷാന്ത് (33), ദിയ എന്നിവര്‍ക്കാണ് കടിയേറ്റത്. മറ്റു രണ്ടുപേരെ കൂടി നായ ആക്രമിച്ചെങ്കിലും അവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നന്ദഗോപാലന്റെ കാലില്‍ മുട്ടിന് താഴെയായി രണ്ടിടത്ത് കടിയേറ്റിട്ടുണ്ട്. മകനെ സ്‌കൂളിലേയ്ക്ക് വിടാനായി സ്റ്റാന്‍ഡിന് സമീപം ഇറക്കിയതായിരുന്നുവെന്നും പെട്ടെന്ന് നായ കാലിൽ കടിക്കുകയായിരുന്നുവെന്നും നന്ദഗോപാലന്റെ അച്ഛന്‍ പറഞ്ഞു. കാവുംവട്ടം സ്വദേശിയായ നിഷാന്തിനെയും സ്റ്റാന്റ് പരിസരത്ത് വെച്ച് തന്നെയാണ് നായ കാലിന് കടിച്ചത്. പിന്നീട് ദിയയെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മൂവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്നും നഗരസഭ അടിയന്തരമായി ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം