ആലപ്പുഴ: കച്ചേരിമുക്കിൽ കെ എസ് ഇ ബി ജീവനക്കാരനടക്കം രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കെ എസ് ഇ ബി അമ്പലപ്പുഴ സെക്ഷനിലെ എ എക്സ് ഇ ബാബു(52), കരുവാറ്റ കന്നുകാലിപ്പാലം മണിമന്ദിരത്തിൽ മണിയമ്മ(68) എന്നിവർക്കാണ് തെരവുനായയുടെ കടിയേറ്റത്. ഇന്ന് വൈകിട്ട് 4.30 ഓടെ അമ്പലപ്പുഴ കച്ചേരിമുക്കിന് തെക്ക് ഭാഗത്തായിരുന്നു സംഭവം. 

സമീത്തെ ബേക്കറിയിൽ നിന്ന് ചായകുടിച്ച് മടങ്ങുകയായിരുന്ന ബാബുവിനെ പിന്നിൽനിന്ന് പാഞ്ഞെത്തിയ നായ അക്രമിക്കുകയായിരുന്നു. വലതുകാലിന് കടിയേറ്റ ബാബുവിനെ   വിവരമറിഞ്ഞെത്തിയ മറ്റ് ജീവനക്കാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഭർത്താവിനോടൊപ്പം കച്ചേരിമുക്കിലുള്ള ഡോക്ടറുടെ വസതിയിലേക്ക് വരുന്നതിനിടയിലാണ്  മണിയമ്മക്ക് തെരവുനായയുടെ കടിയേറ്റത്. കച്ചേരിമുക്കിൽ ബസ് ഇറങ്ങി നടന്നുവരുന്നതിനിടെ പിന്നാലെ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. 

വലത് കാലിന് കടിയേറ്റ മണിയമ്മയേയും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇരുവരെയും അക്രമിച്ചത് ഒരേ തെരുവുനായ തന്നെയാണ്. കുറച്ച് ദിവസം മുമ്പാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപംവച്ച് മൂന്ന് പേർക്ക് തെരവുനായയുടെ കടിയേറ്റത്. 

ദേശിയപാതയോരത്തുകൂടി നടന്നുപോകുന്നതിനിടെയാണ് ഇവർക്കും കടിയേറ്റത്. സ്കൂൾവിട്ട് കുട്ടികൾ ബസ് സ്റ്റോപ്പിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്ന് തെരുവുനായയുടെ അക്രമണം ഉണ്ടായത്. മണിയമ്മയെ കടിച്ചതിന് ശേഷം നായ തെക്ക് ഭാഗത്തേക്ക് ഓടുകയായിരുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഷോപിങ് കോംപ്ലക്സ് പരിസരവും കെ എസ് ആർ ടി സി വളപ്പും തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുകയാണ്. 

വൈകുന്നേരങ്ങളിൽ യാത്രക്കാർ   ബസ് കാത്ത് നിൽക്കുന്നത് ഭീതിയോടെയാണ്. പരസ്പരം കടിപിടി കൂടുന്ന തെരവുനായ്ക്കൾ യാത്രക്കാർ നിൽക്കുന്നതിനിടയിലേക്ക് പാഞ്ഞുകയറാറുണ്ട്. അമ്പലപ്പുഴയുടെ പ്രധാന ജംങ്ഷനിൽ തെരുവുനായ താവളമാക്കിയിട്ടും യാതൊരു നടപടി സ്വീകരിക്കാനും പഞ്ചായത്ത് അധികൃതർക്കായിട്ടില്ല.