ബന്ധുവിന്റെ കൂടെ നിന്നിരുന്ന സായൂജിനെ പ്ലാറ്റ്‌ഫോമിലൂടെ എത്തിയ തെരുവ് നായ പെട്ടന്ന് ആക്രമിക്കുകയായിരുന്നു

കായംകുളം: റെയിൽവേ സ്‌റ്റേഷനിൽ രണ്ടുവയസ്സുകാരന് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. തൃക്കുന്നപ്പുഴ മേടയിൽപടീറ്റതിൽ ഗിരീഷിന്റെ മകൻ സായൂജി(2)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതരയോടെ റെയിൽവേ സ്‌റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. 

തിരുവനന്തപുരത്ത് പോകാനായി എത്തിയതായിരുന്നു ഗിരീഷും കുടുബവും. ബന്ധുവിന്റെ കൂടെ നിന്നിരുന്ന സായൂജിനെ പ്ലാറ്റ്‌ഫോമിലൂടെ എത്തിയ തെരുവ് നായ പെട്ടന്ന് ആക്രമിക്കുകയായിരുന്നു. സമീപമുണ്ടായിരുന്നവർ നായയെ തുരത്തിയെങ്കിലും സായൂജിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടൻതന്നെ ആർപിഎഫിന്റെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പ്രധിരോധ മരുന്ന് ഇല്ലാഞ്ഞതിനെ തുടർന്ന് വണ്ടാനം മെഡിക്കൽകോളേജിലേക്ക് മാറ്റി. കായംകുളം റെയിൽവേ സ്‌റ്റേഷനിൽ തെരുവ് നായ്കളുടെ ആക്രമണം കാരണം ട്രെയിൻ യാത്രക്കാർ ഏറെ നാളായി ഭീതിയിലാണ്.