കാലിന് കടിയേറ്റ കുട്ടിയെ എടത്വ കുടുംബാരോഗ്യ കേന്ദ്രത്തിലും, തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും വാക്സീൻ ലഭ്യമില്ലായിരുന്നു. 

ആലപ്പുഴ : തെരുവുനായ ആക്രമണം രൂക്ഷമായി തുടരുന്നു. ആലപ്പുഴയിൽ വിദ്യാർത്ഥിയെ സ്കൂളിലേക്ക് വരുന്ന വഴി തെരുവുനായ കടിച്ചു. എടത്വ സെയിന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്. കാലിന് കടിയേറ്റ കുട്ടിയെ എടത്വ കുടുംബാരോഗ്യ കേന്ദ്രത്തിലും,തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും വാക്സീൻ ലഭ്യമില്ലായിരുന്നു. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറിയ തെരുവ് നായ മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. റോഡിനോട് ചേര്‍ന്നുള്ള അഭയയുടെ വീടിന്‍റെ കതക് അടച്ചിരുന്നില്ല. അച്ഛനും അമ്മയും വീടിന്‍റെ പിറക് വശത്തായിരുന്നു. ആ സമയത്തായിരുന്നു നായ മുറിയില്‍ കയറി വന്ന് കയ്യില്‍ക്കടിച്ച് പരിക്കേല്‍പിച്ചത്. 

'റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച'; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

പേവിഷ പ്രതിരോധത്തിന് അടിയന്തര കര്‍മ പദ്ധതി

തെരുവുനായ പ്രശ്നം സംസ്ഥാനത്ത് അതിരൂക്ഷമാണ്. പരിഹാര നടപടികളുമായി സ‍‍ര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ തന്നെ വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നുള്ള ഇടപെടലും ഉണ്ടായിട്ടുണ്ട്. തെരുവുനായ വിഷയത്തിൽ ഇന്ന് വൈകിട്ട് പ്രത്യേക സിറ്റിംഗ് നടത്താനാണ് കോടതി തീരുമാനം.

അതിനിടെ, പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആരോഗ്യ - തദ്ദേശ - മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. തെരുവ് നായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തും. സ്കൂള്‍ പരിസരങ്ങളും കുട്ടികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ക്കും ആയിരിക്കും വാക്സീനേഷന് മുന്‍ഗണന നൽകുക.

ചന്ദ്രബോസ് വധക്കേസ്: ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടുള്ള പ്രതി നിഷാമിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി

രജിസ്ട്രേഷന്‍ ചെയ്യുന്ന പട്ടികള്‍ക്ക് മെറ്റല്‍ ടോക്കണ്‍ അല്ലെങ്കില്‍ കോളര്‍ ഘടിപ്പിക്കും. ഹോട്സ്പോര്‍ട്ട് ഉള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നായകള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കും. സ്ഥിരം സംവിധാനം ആകുന്നത് വരെ താല്‍ക്കാലിക ഷല്‍ട്ടറുകള്‍ കണ്ടെത്തും. തെരുവ് മാലിന്യം നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റികള്‍ നിലവില്‍ വരും. സംസ്ഥാന തലത്തില്‍ രണ്ടാഴ്ചയിലൊരിക്കലും ജില്ലകളില്‍ എല്ലാ ആഴ്ചയും അവലോകനം നടത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ ദിവസവും അവലോകനം നടത്തും. ജനങ്ങള്‍ക്ക് പുരോഗതി അറിയാന്‍ ഡാഷ് ബോര്‍ഡ് സംവിധാനം നിലവില്‍ വരും.