Asianet News MalayalamAsianet News Malayalam

വളമംഗലത്ത് തെരുവുനായ ആക്രമണം രൂക്ഷം; സ്കൂള്‍ കുട്ടികള്‍ക്കും രക്ഷയില്ല

കാവിൽ സ്കൂൾ പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. സ്കൂൾ വിട്ട് വീടുകളിലേക്ക് മടങ്ങുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ മാതാപിതാക്കൾ  പട്ടികളിൽ നിന്ന് രക്ഷ നേടാൻ വടിയുമായി സ്കൂളിൽ ചെന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ്.  

stray dog menace increasing in valamangalam
Author
First Published Nov 29, 2022, 8:48 AM IST

തുറവൂർ: വളമംഗലം, കാവിൽ പ്രദേശങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷം. തുറവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ അയ്യങ്കാളി ജംഗ്ഷന് കിഴക്കോട്ട് കിടക്കുന്ന മൂലേപ്പറമ്പ് വരെയുള്ള റോഡിലും പഴംപള്ളിക്കാവ് ഭാഗങ്ങളിലുമാണ് വെള്ള നിറത്തിലുള്ള പട്ടി യാത്രക്കാരെയും  പരിസരവാസികളെയും ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഇതുവഴി പോയ സദാനന്ദൻ എന്നയാൾക്ക് പട്ടിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു.

കാവിൽ സ്കൂൾ പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. സ്കൂൾ വിട്ട് വീടുകളിലേക്ക് മടങ്ങുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ മാതാപിതാക്കൾ  പട്ടികളിൽ നിന്ന് രക്ഷ നേടാൻ വടിയുമായി സ്കൂളിൽ ചെന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ്.  തെരുവ് നായകളെ നിയന്ത്രിക്കാൻ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. പട്ടികളെ എന്തെങ്കിലും ചെയ്താൽ  പൊലീസ് കേസ് ഭയന്ന്  എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാരുള്ളത്. 

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ  മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട അക്രമകാരിയായ പട്ടിയെ നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും മാറ്റാൻ സാധിക്കുമോ എന്നാണ് ഇപ്പോൾ നാട്ടുകാർ ആലോചിച്ചു കൊണ്ടിരിക്കുന്നത്. പട്ടി കടിയേറ്റാൽ എടുക്കുന്ന പേവിഷ പ്രതിരോധ വാക്സിൻ പലയിടത്തും ഫലിക്കുന്നില്ല എന്ന വാർത്തകളും നാട്ടുകാരെ ഭയത്തിലാഴ്ത്തുന്നുണ്ട്. പട്ടിക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയവും നാട്ടുകാർക്കിടയിൽ ഉണ്ട്. 

സ്കൂൾ വിട്ടുപോകുന്ന നിരവധി കുട്ടികളുടെ  നേർക്കാണ് കഴിഞ്ഞ ദിവസം പട്ടി ചാടിയടുത്തത്.  പട്ടിയുടെ ആക്രമണത്തിൽ കുട്ടികൾക്ക് പരിക്കേറ്റ ശേഷം നടപടിയെടുക്കാൻ കാത്തിരിക്കാതെ അതിനു മുൻപേ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തിരൂർ പുല്ലൂരിൽ കഴിഞ്ഞ ദിവസം 5 പേരെ തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. രണ്ട് കുട്ടികൾക്കും, മൂന്ന് മുതിർന്നവർക്കുമാണ് കടിയേറ്റത്. മുഖത്തും, കാലിലുമായാണ് എല്ലാവർക്കും പരിക്കേറ്റത്.താനാളൂരിനടുത്ത് വട്ടത്താണി കുന്നത്തുപറമ്പിൽ റഷീദിൻ്റെ മകൻ  മുഹമ്മദ് റിസ്വാന് കുറച്ച് ദിവസം മുൻപ് തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരമാകെ മുറിവേറ്റ്  ബോധരഹിതനായ അവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കൾ കടിച്ചുകീറിയിരുന്നു.

Follow Us:
Download App:
  • android
  • ios