പ്രദേശത്തെ തെരുവുനായകള്‍ക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആർ അനിൽ പറഞ്ഞു

തിരുവനന്തപുരം: പോത്തൻകോടിന് സമീപം ഇരുപതുപേരെ കടിച്ച തെരുവുനായയെ കണ്ടെത്തി. തൊട്ടടുത്ത പഞ്ചായത്തായ മാണിക്കൽ ശാന്തിഗിരി ഭാഗത്ത് നിന്നാണ് നായയെ കണ്ടെത്തിയത്. ഇതിനെ നിരീക്ഷണത്തിലാക്കിയെന്നും ഇന്ന് പ്രദേശത്തെ തെരുവുനായകള്‍ക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആർ അനിൽ പറഞ്ഞു. 

വിദ്യാർഥിനിയും മൂന്ന് സ്ത്രീകളും ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേര്‍ക്കാണ് ബുധൻ, വ്യാഴം ദിവസങ്ങളിലായി നായയുടെ കടിയേറ്റത്. പോത്തന്‍കോട് ജങ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെയുള്ളവര്‍ക്ക് വരെ നായയുടെ കടിയേറ്റു. 

ഇതിനുശേഷം ശാന്തിഗിരി ഭാഗത്തെത്തിയ നായയെ ആണ് കാവ സംഘം പിടികൂടിയത്. കടിയേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇവർക്ക് പഞ്ചായത്ത് നേതൃത്വത്തിൽ തുടർ ചികിത്സയും ഉറപ്പാക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴിന്‌ പോത്തൻകോട്, ആലിന്തറ, ശാന്തിഗിരി എന്നിവിടങ്ങളിലും വ്യാഴാഴ്ച രാവിലെ തോന്നയ്ക്കൽ ഗവ. എച്ച്‌എസ്‌എസിലെ വിദ്യാർഥിനിക്കും കടിയേറ്റു. 

ട്യൂഷന്‌ പോവുകയായിരുന്നു ആറാം ക്ലാസുകാരിയായ ആദ്യ വിനീഷ് എന്ന വിദ്യാർഥിനി. ഈ കുട്ടിയെ നായ മൂന്നുതവണ കടിച്ചു. തുടർന്ന് സ്കൂളിനു സമീപം ഹോട്ടൽ നടത്തുന്ന മുജീബ് എന്നയാൾ നായയെ അടിച്ചോടിച്ചു. പോത്തൻകോട് മേലെ മുക്കിൽ മൂന്ന്‌ സ്ത്രീകൾക്കും കടിയേറ്റു. കല്ലൂർഭാഗത്തും നായയുടെ ആക്രമണമുണ്ടായി. പ്രദേശത്ത് തെരുവുനായ ആക്രമണം രൂക്ഷമാണെന്നും ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.