ഇരുമ്പ് നെറ്റ് കൊണ്ടുള്ള അടച്ചുറപ്പുള്ള ഫാമിലാണ് തെരുവു നായകള്‍ കയറി അക്രമം നടത്തിയത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഇങ്ങനെ ആയാല്‍ ഫാം നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്നും രാവുണ്ണി പറഞ്ഞു

കോഴിക്കോട്: കോഴിഫാമിൽ വളർത്തുന്ന നൂറിലേറെ കോഴികളെ തെരുവ് നായകൾ കടിച്ചുകൊന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശി കണ്ണങ്ങോട്ട്ചാൽ രാവുണ്ണിയുടെ സർക്കാർ അംഗീകൃത ഫാമായ പ്രിയദർശിനി എഗർ നഴ്സറിയിലെ കോഴികളെയാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ തെരുവ് നായകള്‍ കൂട്ടത്തോടെ എത്തി കൊന്നത്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട നാല് മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയാണ് തെരുവ് നായ അക്രമത്തിൽ ഇല്ലാതായത്.

നിരവധി കോഴിക്കുഞ്ഞുങ്ങൾ പരിക്കേറ്റ് അവശനിലയിലുമാണ്. ഇരുമ്പ് നെറ്റ് കൊണ്ടുള്ള അടച്ചുറപ്പുള്ള ഫാമിലാണ് തെരുവു നായകള്‍ കയറി അക്രമം നടത്തിയത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഇങ്ങനെ ആയാല്‍ ഫാം നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്നും രാവുണ്ണി പറഞ്ഞു. രാവുണ്ണി 40 വർഷമായി ഇവിടെ സർക്കാർ അംഗീകൃത ഫാം നടത്തിവരുകയാണ്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടപെട്ട് തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

സംസ്ഥാനത്ത് തെരുവ് നായ ഭീഷണി ​ഗുരുതരമാണെന്ന് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരുവു നായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവ് നായകളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ട്. നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്നേഹികളുടെ യോഗം വിളിച്ചു ചേർക്കും. എബിസി കേന്ദ്രങ്ങൾക്ക് അവരുടെ പിന്തുണ കൂടി തേടും. 25 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവത്തനസജ്ജമാക്കും. മൊബൈൽ എബിസി കേന്ദ്രങ്ങൾ തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

വിദേശത്ത് നിന്നെത്തിയിട്ട് 3 ആഴ്ച; ഭാര്യവീട്ടിൽ നിന്ന് മടങ്ങവേ ബൈക്ക് ലോറിയിലിടിച്ചു, പ്രവാസിക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player