തിരിഞ്ഞ് ഓടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണു, മാളയിൽ വനിതാ ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായകൾ
ഉച്ചയ്ക്ക് ക്ലിനിക്കിൽ നിന്നും ഇന്ത്യൻ ഓയിൽ പമ്പിന്റെ പുറകുവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുന്ന സമയത്താണ് നായ്ക്കൾ കൂട്ടം ചേർന്ന് പാർവതിയെ ആക്രമിച്ചത്
മാള: മാള അഷ്ടമിച്ചിറയിൽ വനിത ദന്തഡോക്ടറെ തെരുവ് നായ്ക്കൾ ആക്രമിച്ചു. അഷ്ടമിച്ചിറ സ്വദേശിയായ പാർവതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് ക്ലിനിക്കിൽ നിന്നും ഇന്ത്യൻ ഓയിൽ പമ്പിന്റെ പുറകുവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുന്ന സമയത്താണ് നായ്ക്കൾ കൂട്ടം ചേർന്ന് പാർവതിയെ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിലാണ് ഞെട്ടിക്കുന്ന സംഭവം പതിഞ്ഞത്.
നായ്ക്കൾ വരുന്നത് കണ്ടു ഭയന്ന പാർവതി പുറകോട്ട് വീഴുകയായിരുന്നു. വീണുകിടന്നിരുന്ന ഡോക്ടറെ നായ്ക്കൾ രണ്ടു തുടകളിലും കൈകളിലുമായി കടിക്കുകയായിരുന്നു. തെരുവുനായ ആക്രമണത്തിൽ ഡോക്ടർക്ക് സാരമായ പരിക്കുകൾ പറ്റുകയും വീഴ്ചയിൽ ഡോക്ടറുടെ കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. തക്ക സമയത്ത് പമ്പിലെ ജീവനക്കാർ വന്നതിനാൽ ആണ് തനിക്ക് ജീവൻ തിരിച്ചുകിട്ടിയെന്നാണ് ഡോക്ടർ പ്രതികരിക്കുന്നത്.
നായകൾ സ്ത്രീയെ ആക്രമിക്കുന്ന കണ്ട് ആളുകൾ ബഹളം വച്ച് കൂടിയതോടെയാണ് നായകൾ ഓടി രക്ഷപ്പെടുന്നത്. മൂന്ന് നായ്ക്കൾ ചേർന്നായിരുന്നു യുവ ഡോക്ടറെ ആക്രമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം