മണ്ണാർക്കാട്ടെ കോട്ടോപാടം പഞ്ചായത്ത് ഓഫീസ് കെട്ടിടം തെരുവ് നായകളുടെ പ്രസവ കേന്ദ്രമായി മാറി. നാലോളം നായകളും 24 കുട്ടികളുമാണ് ഇവിടെയുള്ളത്. എന്തുചെയ്യണമെന്നറിയാതെ അധികൃതരും നാട്ടുകാരും പ്രതിസന്ധിയിലാണ്.
പാലക്കാട്: പഞ്ചായത്ത് കെട്ടിടവും പരിസരവും തെരുവ് പട്ടികളുടെ പ്രസവവാർഡായി മാറി. മണ്ണാർക്കാട് കോട്ടോപാടം പഞ്ചായത്ത് ഓഫീസിന്റെ കെട്ടിടത്തിലാണ് ഇത്തരത്തിൽ പട്ടികൾ പ്രസവിച്ചു കിടക്കുന്ന കാഴ്ച കാണാനാകുന്നത്. നാലോളം തെരുവ് പട്ടികളാണ് ഇവിടെ പ്രസവിച്ചിട്ടുള്ളത്. ആകെ 24 ഓളം കുട്ടികളുമുണ്ട്. കൃഷിഭവൻ ഓഫീസിനും പഞ്ചായത്ത് ഓഫീസിനും ഇടയിൽ ഉള്ള വിടവിലാണ് തെരുവ് പട്ടികൾ പ്രസവിച്ച് കിടക്കുന്നത്. ദിനംപ്രതി ആളുകൾക്ക് പഞ്ചായത്തിലേക്ക് പോകാനോ മറ്റുള്ള അതുവഴി പോകാനോ ഇതുമൂലം പ്രയാസമായി. ആളുകളെ കണ്ടാൽ പട്ടികൾ കുരച്ച് വരുന്നതും പതിവ് കാഴ്ചയാണ്. പ്രസവിച്ച കുട്ടികളെ എടുക്കുമോ എന്നുള്ള ഭയമാണ് പട്ടികൾക്ക്. സംഭവത്തിൽ എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചിരിക്കുകയാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും.


