ചിമ്മിനിക്ക് അകത്തൂടെ ചെരുപ്പ്, മണ്ണ്, കല്ല്, വിറക് തുടങ്ങിയ വാരിയിടുന്നത് മൂലം അടുക്കളയിൽ നിന്ന് ഭക്ഷണം ഉണ്ടാക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് കുടുംബത്തിന്
മൺറോതുരുത്ത്: കുരങ്ങു ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് കൊല്ലം മൺറോതുരുത്തിന് സമീപം പേഴുംതുരുത്തിലെ ഒരും കുടുംബം. കുരങ്ങിൻ്റെ കല്ലേറ് കാരണം വീടിനകത്തു പോലും ഇരിക്കാനാകാത്ത സ്ഥിതിയാണ് സജീവിനും കുടുംബത്തിനും. രണ്ടാഴ്ചയിലേറെയായി തുടരുന്ന ശല്യത്തിന് പരിഹാരം തേടി വനം വകുപ്പിനെ സമീപിച്ചിട്ടും നൽകിയിട്ടും നടപടിയില്ലെന്നാണ് പരാതി.
മരത്തിന് മുകളിൽ നിന്നാണ് കുരങ്ങ് കല്ലെറിയുന്നത്, തേങ്ങ കൊണ്ടുള്ള ഏറിൽ ചളുങ്ങിയ നിലയിലാണ് വീടിന് മുകളിലെ ഷീറ്റെല്ലാം. വീടിന് പരിസരത്തെ മരങ്ങളിലെല്ലാം കയറി ഇരുന്നാണ് ആക്രമണം. താഴെ നിന്ന് നോക്കുന്ന സമയത്ത് കാണില്ല. മരങ്ങളിലൂടെ ചാടി മാറും. ചിമ്മിനിക്ക് അകത്തൂടെ ചെരുപ്പ്, മണ്ണ്, കല്ല്, വിറക് തുടങ്ങിയ വാരിയിടുന്നത് മൂലം അടുക്കളയിൽ നിന്ന് ഭക്ഷണം ഉണ്ടാക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് കുടുംബത്തിന്.
ടാങ്കിന് അകത്ത് ഇറങ്ങി കുളിക്കുക, ജനൽ ചില്ലുകൾ എറിഞ്ഞ് തകർക്കുക തുടങ്ങി ശല്യം സഹിക്കാതായപ്പോൾ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഷെഡ്യൂൾഡ് 1 വിഭാഗത്തിൽ ഉൾപ്പെട്ട ജീവി ആയതിനാൽ തിരുവനന്തപുരത്ത് നിന്ന് നിർദേശം ലഭിക്കാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് അഞ്ചലിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ കുടുംബത്തോട് പ്രതികരിച്ചത്.
കല്ല്, കട്ട, ഓട് തുടങ്ങി കയ്യിൽ കിട്ടുന്നത് വച്ചാണ് വീടിന് പുറത്തിറങ്ങുന്നവരെ കുരങ്ങ് എറിഞ്ഞോടിക്കുന്നത്. വീടിന് മുകളിൽ ബഹളം തുടങ്ങി കഴിഞ്ഞാൽ കാർഡ് ബോർഡ് അടക്കമുള്ളവ തലയ്ക്ക് മറപിടിച്ചാണ് വീട്ടുകാർ പുറത്തിറങ്ങുന്നത്. വീടിനകത്ത് ഉറങ്ങിയവരുടെ ദേഹത്തേക്ക് കഴിഞ്ഞ ദിവസമാണ് കുരങ്ങ് കട്ടിള തള്ളിയിട്ടത്. വീട്ടിനകത്തും പുറത്തും ഇരിക്കാൻ അനുവദിക്കാത്ത കുരങ്ങനെ ഏത് വിധേനയും പിടികൂടി തുടർനടപടികൾ സ്വീകരിക്കണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.
