കാലുകളിൽ നായ്ക്കളുടെ കടിയേറ്റ് അവശ നിലയിലായിരുന്ന മാൻ കുട്ടിയ്ക്ക് വെള്ളവും പ്രഥമ ശുശ്രൂഷകളും നൽകിയ പ്രദേശവാസികള്‍ അതിനെ അക്രമിക്കാനെത്തിയ നായ്ക്കളില്‍ നിന്നും രക്ഷപ്പെടുത്തി.


അട്ടപ്പാടി: അടുത്ത കാലത്തായി കേരളത്തില്‍ വന്യമൃഗങ്ങള്‍ കാടുവിട്ടിറങ്ങുന്നുവെന്ന് ഏറെ പരാതികള്‍ ഉയര്‍ന്നിരുന്നു. കാട്ടുപന്നിയും കാട്ടുപോത്തും ആനയും മറ്റും കാട്ടുവിട്ടിറങ്ങി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കേരളത്തില്‍ ഓരോ ദിവസം കഴിയുമ്പോഴും കൂടുകയാണ്. ഇതിനിടെയാണ് ഇന്ന് രാവിലെ പാലക്കാട് ജില്ലയിലെ ഗൂളിക്കടവ് ഒഎല്‍എച്ച് കോളനിയിലേക്ക് തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിച്ച് പുള്ളിമാൻ കുട്ടിയെ ഓടിച്ച് കൊണ്ട് വന്നത്. 

നായ്ക്കളുടെ കുരക്കേട്ട് സംഭവം അന്വേഷിച്ചപ്പോളാണ് ഒരു മാന്‍ കുട്ടിയെ നായ്ക്കളെല്ലാം ചേര്‍ന്ന് ഓടിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നായ്ക്കളുടെ ആക്രമണത്തിൽ പരിക്ക് പറ്റി അവശ നിലയിലായ മാൻ കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. 

കാലുകളിൽ നായ്ക്കളുടെ കടിയേറ്റ് അവശ നിലയിലായിരുന്ന മാൻ കുട്ടിയ്ക്ക് വെള്ളവും പ്രഥമ ശുശ്രൂഷകളും നൽകിയ പ്രദേശവാസികള്‍ അതിനെ അക്രമിക്കാനെത്തിയ നായ്ക്കളില്‍ നിന്നും രക്ഷപ്പെടുത്തി. തുടര്‍ന്ന് പ്രദേശവാസികള്‍ വിളിച്ചറിയിച്ചത് അനുസരിച്ച് നെല്ലിപ്പതിയില്‍ നിന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എത്തുകയും മാന്‍കുട്ടിയെ അഗളിയിലെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവില്‍ വെറ്റിനറി ആശുപത്രിയിലുള്ള മാന്‍ കുട്ടി സുഖം പ്രാപിക്കുന്ന മുറയ്ക്ക് കാട്ടിലേക്ക് കയറ്റിവിടുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 


വാന്‍ തെന്നിയിറങ്ങി, വാഹനത്തിന് ഉള്ളിലുള്ള ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം


പാലക്കാട്: തൃത്താലയില്‍ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന് വാനിനടിയിൽപ്പെട്ട് ദാരുണാന്ത്യം. മുടവന്നൂരിൽ ആണ് അപകടം നടന്നത്. നേപ്പാൾ സ്വദേശി രാം വിനോദ് (45) ആണ് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിനി വാനിനടിയിൽപ്പെട്ട് മരിച്ചത്. ബുധനാഴ്ച കാലത്ത് എട്ടരയോടെ ആയിരുന്നു അപകടം.

മുടവന്നൂർ തലക്കൊട്ട കുന്നിന് മുകളിലേക്ക് സ്വകാര്യ പശു ഫാമിലേക്കാവശ്യമായ പുല്ല് അരിഞ്ഞെടുക്കാൻ ഭാര്യക്കൊപ്പം ഓമ്നി വാനിൽ കുന്നിൻ മുകളിലേക്കെത്തിയ സമയത്തായിരുന്നു അപകടം. ഫാം ഗേറ്റിന് മുൻവശത്തെ കുത്തനെയുള്ള ഇറക്കത്തിൽ വാൻ നിർത്തിയ ശേഷം തൊട്ടടുത്ത വീട്ടിൽ നിന്നും ഫാം ഗേറ്റിന്‍റെ താക്കോൽ വാങ്ങാൻ രാം വിനോദ് ഇറങ്ങിയ സമയം വാൻ താഴേക്ക് തെന്നി ഇറങ്ങുകയായിരുന്നു. 

താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്ന വാനിന് അകത്തുപെട്ട ഭാര്യയെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം രാംവിനോദിന്‍റെ ദേഹത്ത് കൂടെ കയറി ഇറങ്ങി. പല തവണ വാഹനം ഇയാളുടെ ദേഹത്ത് കൂടെ കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. തെന്നി നീങ്ങിയ വാഹനം കുറച്ച് താഴെ മാറി റോഡരികിലെ ഉയരം കുറഞ്ഞ മതിലിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്. വാഹനത്തിന്‍റെ അടിയിൽ അകപ്പെട്ട ഇയാളെ ഏറെ പണിപ്പെട്ടാണ് ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുത്തത്. 

പുറത്തെടുക്കുമ്പോൾ ഇയാൾക്ക് ജീവനുണ്ടായിരുന്നു. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പതിനൊന്ന് മണിയോടെ ഇയാൾ മരണത്തിന് കീഴടങ്ങി. കുത്തനെയുള്ള കയറ്റം നിറഞ്ഞ കോൺക്രീറ്റ് റോഡിലായിരുന്നു വാഹനം തെന്നി താഴോട്ട് ഇറങ്ങിയത്. കോൺക്രീറ്റ് റോഡിൽ മഴവെള്ളം ഒഴുക്കിയിറങ്ങിയുണ്ടായ വഴുക്കലാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്കിറങ്ങാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.