തിരുവനന്തപുരം മരങ്ങാട്ടു ഷിജു ഭവനിൽ സൗമ്യ ഷിജു ദമ്പതികളുടെ മകൾ ക്രിസ്റ്റീനയെയാണ് തെരുവു നായ അക്രമിച്ചത്. 

തിരുവനന്തപുരം: ഉഴമലയ്ക്കലിൽ പിഞ്ചു കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. മുഖത്തും ശരീരത്തിലും കടിയേറ്റ കുഞ്ഞിനെ എസ്ഐടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഴമലയ്ക്കൽ മുക്കോലക്കൽ മരങ്ങാട്ടൂ ഷിജു ഭവനിൽ സൗമ്യ ഷിജു ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകൾ ക്രിസ്റ്റിനയെയാണ് തെരുവുനായ ആക്രമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ എട്ടുമണിയോടെയാണ് സംഭവം. കുളിപ്പിക്കാനായി കുഞ്ഞിനെ വീടിന്റെ മുൻവശത്തെ വരാന്തയിൽ കിടത്തിയിട്ടു അമ്മ വീടിനുള്ളിൽ കയറുന്നതിനിടെയാണ് നായയുടെ ആക്രമണം. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തുമ്പോഴേക്കും ചുണ്ടിലും, കവിളിലും, കഴുത്തിലും, കാലിലും നായ കടിച്ചിരുന്നു. ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെന്നു നിരവധി തവണ പരാതികൾ പറഞ്ഞെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നെന്നും പ്രദേശത്തെ അനധികൃത മാലിന്യ നിക്ഷേപം ഭക്ഷിക്കാൻ തെരുവ് നായ്ക്കൾ ഇവിടെ കൂട്ടത്തോടെ എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇതിനു മുമ്പ് ഈ വീട്ടിലെ വളർത്തു മൃഗങ്ങളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നതായും പറയുന്നു.