ഇടുക്കി: മൂന്നാർ ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാൻ നടപടിയുമായി മൂന്നാർ പഞ്ചായത്ത്. വന്ധ്യംകരണം നടത്തി നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിന് 2 ലക്ഷം രൂപയാണ് മൂന്നാർ പഞ്ചായത്ത് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുന്നത്. 

മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിൽ നിന്നും വൈകുന്നേരങ്ങളിൽ കൂട്ടമായി തെരുനായ്ക്കൾ എത്തുന്നത് വിനോദസഞ്ചാരികൾക്കും ഭീഷണിയാവുകയാണ്. പെരിയവാര, ചൊക്കനാട് , മൂന്നാർ കോളനി, കുറുമല തുടങ്ങിയ മേഖലയിൽ നിന്നും വൈകുന്നേരങ്ങളിൽ തെരുനായ്ക്കൾ മൂന്നാർ ടൗണിൽ എത്തുന്നത്. 

ഇവയുടെ എണ്ണം കുറയ്ക്കുന്നതിനാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചത്. സർക്കാരിന്റെ നിർദ്ദേശപ്രകാരം പട്ടികളെ വന്ധ്യംകരണത്തിന് വിധേയമാക്കും. ഇതിനായി 2 ലക്ഷം രൂപ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി മൂന്നാർ പഞ്ചായത്ത്  പ്രസിഡന്റ് ആർ കറുപ്പസ്വാമി പറഞ്ഞു. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയങ്ങളിലും മടങ്ങുന്ന സമയങ്ങളിലും നിരത്ത് കീഴടക്കുന്ന നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്.