ഇടുക്കി: കൊവിഡിന്‍റെ പശ്ചാതലത്തില്‍ വിനോദസഞ്ചാരമേഖല നിശ്ചലമായതോടെ വഴിയോര കച്ചവടക്കാര്‍ പ്രതിസന്ധിയിലായി. മാട്ടുപ്പെട്ടി കുണ്ടള എക്കോപോയിന്‍റ് ഫോട്ടോ പോയിന്റ് എന്നിവിടങ്ങളില്‍ വ്യാപാരം നടത്തുന്നവര്‍ക്കാണ് സഞ്ചാരികളുടെ തിരക്കൊഴിഞ്ഞത് തിരിച്ചടിയായത്. മൂന്നാ‌റിലെ പ്രധാന വിനോസഞ്ചാരമേഖലയായ മാട്ടുപ്പെട്ടി ജലാശയത്തിന് സമീപത്ത് മുന്നൂറോളം കടകളും എക്കോപോയിന്റില്‍ അഞ്ഞുറോളം പെട്ടിക്കടകളുമാണുള്ളത്. 

രാവിലെ 10 തുറക്കുന്ന സ്ഥാപനങ്ങല്‍ വൈകുന്നേരം സന്ദര്‍ശകരുടെ തിരക്ക് കുറയുന്നതോടെ പൂട്ടുകയും ചെയ്യും. എന്നാല്‍ കൊറോണ ഭീതി പരത്തിയതോടെ മൂന്നാര്‍ പൂര്‍ണ്ണമായി അടച്ചിട്ടത് വഴിയോരകച്ചവടക്കാരെ പ്രതിസന്ധിയിലാക്കി. കുതിര സവാരിയും ഹോംമേഡ് ചോക്ലേറ്റും തുണിത്തരങ്ങളും വില്‍പന നടത്തുന്നവരുടെ അവസ്ഥയും മറിച്ചല്ല. കുതിരയ്ക്ക് ആഹാരം നല്‍കുവാന്‍ പോലും കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. 

മൂന്നാറിലെ തോട്ടങ്ങളില്‍ നാമമാത്രമായ തൊഴിലാളികളാണ് ജോലിചെയ്യുന്നത്. മറ്റുള്ളവരിലില്‍ പലരും ഇത്തരം വഴിയോരകച്ചവടം നടത്തിയും ഹോംസ്‌റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ചുമാണ് ജോലിചെയ്യുന്നത്. കൊവിഡ് മാറിയാലും മൂന്നാറിലെ വിനോദസഞ്ചാരം ഉണരമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചതോടെ ലക്ഷങ്ങളുടെ സാധനങ്ങളാണ് നശിച്ചത്. കുട്ടികളുടെ പഠനവും വഴിമുട്ടി. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടണമെങ്കില്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണ്.