Asianet News MalayalamAsianet News Malayalam

പൊതു ചടങ്ങുകൾക്കടക്കം കർശന നിയന്ത്രണം: ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു

ക്ഷേത്രത്തിന് ചുറ്റുമുള്ള ഏത് സ്ഥാപനത്തിലും മുൻകൂർ അനുമതിയില്ലാതെ പരിശോധന നടത്താൻ പൊലീസിന് അധികാരം നൽകിയിട്ടുണ്ട്

Strict safety regulations imposed in and around Sri Padmanabha swamy temple Thiruvananthapuram
Author
Thiruvananthapuram, First Published Jun 21, 2019, 9:17 AM IST

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. ക്ഷേത്രത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിൽ വാഹന പാർക്കിങ്, വിഡിയോ റിക്കോർഡിങ്, പൊതു ചടങ്ങുകൾ തുടങ്ങിയവയ്ക്ക് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്. 

ഫോർട്ട് വാർഡിന്റെയും വഞ്ചിയൂർ വില്ലേജ് ഓഫിസിന്റെയും പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് അതീവ നിയന്ത്രണം. രാമചന്ദ്രൻ ടെക്സ്റ്റൈൽസ് – ട്രാൻസ്പോർട്ട് ഭവൻ റോഡ്, ട്രാൻസ്പോർട്ട് ഭവൻ– വാഴപ്പള്ളി ജംക്‌ഷൻ റോഡ്, വാഴപ്പള്ളി ജംക്‌ഷൻ– സുന്ദരവിലാസം കൊട്ടാരം റോഡ്, സുന്ദരവിലാസം കൊട്ടാരം– രാമചന്ദ്രൻ ടെക്സ്റ്റൈൽസ് റോഡ് എന്നിവിടങ്ങളെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

ഈ പ്രദേശങ്ങളിൽ പൊതു ചടങ്ങുകൾ നടത്തണമെങ്കിൽ 15 ദിവസം മുൻപ് ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് അനുമതി വാങ്ങണമെന്ന് ഉത്തരവിലുണ്ട്. ഇവിടങ്ങളിലൂടെ ആയുധങ്ങളോ, തീപിടിക്കാൻ കാരണമാകുന്ന വസ്തുക്കളോ കൊണ്ടുപോകരുതെന്ന് നിബന്ധനയുണ്ട്. 

ക്ഷേത്ര സുരക്ഷയെ ബാധിക്കുമെന്ന് സംശയം തോന്നുന്ന പക്ഷം ആ വിശ്വാസികളെ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. ഇവരെ ക്ഷേത്ര പരിസരത്തോ, സമീപത്തെ കെട്ടിടങ്ങളിലോ താമസിക്കാനും അനുവദിക്കില്ല. 

അനുവദിച്ചിരിക്കുന്ന ഇടങ്ങളിലല്ലാതെ വാഹനം പാർക്ക് ചെയ്താൽ പൊലീസിന്റെ കർശന നടപടികൾ നേരിടേണ്ടി വരും. ക്ഷേത്രത്തിന് ചുറ്റുമുള്ള ഏത് സ്ഥാപനത്തിലും മുൻകൂർ അനുമതിയില്ലാതെ പരിശോധന നടത്താൻ പൊലീസിന് അധികാരം നൽകിയിട്ടുണ്ട്. അതേസമയം ആയുധം കൈവശം വയ്ക്കരുതെന്ന നിബന്ധന ക്ഷേത്ര സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios