ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്

ആലപ്പുഴ: കായലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെ മുഹമ്മ ജംഗ്ഷന് വടക്കുവശമുള്ള കോവിലകം റിസോര്‍ട്ടിന് സമീപമായിരുന്നു സംഭവം. ആറ് പേരടങ്ങുന്ന സംഘത്തിലെ രണ്ട് കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മുഹമ്മ കാട്ടില്‍പറമ്പില്‍ ബെന്നിച്ചന്‍റെ മകന്‍ നെബിന്‍ (17), കിഴക്കേവെളിയില്‍ സെബാസ്റ്റ്യന്‍റെ മകന്‍ ജിയോ (15) എന്നിവരാണ് മരിച്ചത്.

ഇവര്‍ മുങ്ങിതാഴുന്നത് കണ്ട മറ്റു സുഹൃത്തുക്കള്‍ നാട്ടുകാരെ വിളിച്ചുവരുത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നെബിന്‍റെ സഹോദരന്‍റെ ആദ്യ കുര്‍ബാന കഴിഞ്ഞായിരുന്നു സംഭവം.