ട്യൂഷനു പോകുന്നതിനിടെയാണ് ദേശീയപാതയോരത്തൊരു പഴ്സ് കിടക്കുന്നത് പത്താം ക്ലാസുകാരനായ മുഹമ്മദ് യാസിൻ കണ്ടത്. തുറന്നു നോക്കിയപ്പോൾ നിറയെ പണം, കുറേ രേഖകളും

അമ്പലപ്പുഴ: കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ നൽകി വിദ്യാർത്ഥിയെ അഭിനന്ദിച്ച് നാട്. രാവിലെ ട്യൂഷനു പോകുന്നതിനിടെയാണ് ദേശീയപാതയോരത്തൊരു പഴ്സ് കിടക്കുന്നത് പത്താം ക്ലാസുകാരനായ മുഹമ്മദ് യാസിൻ കണ്ടത്. തുറന്നു നോക്കിയപ്പോൾ നിറയെ പണം, കുറേ രേഖകളും. ട്യൂഷൻ ക്ലാസിലെത്തിയ യാസിന്‍ അധ്യാപകൻ ഉണ്ണിയെ പഴ്സ് ഏൽപ്പിച്ചു. നോട്ട് എണ്ണി നോക്കിയപ്പോൾ 25,000 രൂപയാണ് പഴ്സിലുള്ളതെന്ന് വ്യക്തമാക്കി.

ഉടന്‍ തന്നെ രേഖകളിലുള്ള ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ പഴ്സിന്റെ ഉടമയ്ക്ക് ജീവൻ തിരിച്ചുകിട്ടിയ സന്തോഷമാണ് ഉണ്ടായത്. ഇന്നലെ രാവിലെ പുന്നപ്ര യു കെ ഡി ട്യൂഷൻ സെന്‍ററിലേക്ക് നടന്നു പോകവേയാണ് ആലപ്പുഴ മെഡി. ആശുപത്രിയുടെ പടിഞ്ഞാറു ഭാഗത്തു നിന്ന് കാക്കാഴം സീതുപാറലിൽ നവാസ് തസ്നിയുടെ മകൻ മുഹമ്മദ് യാസിന് പഴ്സ് ലഭിച്ചത്. നിറയെ പണവും രേഖകളും കണ്ടതോടെ മുഹമ്മദ് യാസിൻ ആദ്യം പരിഭ്രമിച്ചു. വേഗം ട്യൂഷൻ സെന്‍ററിലെത്തി അധ്യാപകനെ വിവരം അറിയിച്ചതോടെയാണ് സമാധാനമായത്.

പഴ്സിലുണ്ടായിരുന്ന മൊബൈൽ നമ്പറിൽ ഉണ്ണി ബന്ധപ്പെട്ടപ്പോൾ ആര്യാട് സ്വദേശി സിബിയാണ് ഫോൺ എടുത്തത്. തുകയും പഴ്സിന്റെ നിറവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സിബി പറഞ്ഞതോടെ ഉടമസ്ഥൻ വെറെ ആരുമല്ലെന്ന് ഉറപ്പിച്ചു. നീർക്കുന്നത്ത് താമസിക്കുന്ന ഇദ്ദേഹം വണ്ടാനത്തെ കടയിൽനിന്നു സാധനങ്ങൾ വാങ്ങി കാറിൽ കയറുന്നതിനിടെ ഫോൺ വന്നിരുന്നു. തുടർന്ന് പഴ്സ് കാറിന്റെ ബോണറ്റിൽവച്ച ശേഷം ഫോണിൽ സംസാരിച്ചു.

പിന്നീട് ഇതു മറന്ന് കാറിൽ യാത്രയായി. ഇതിനിടെ പഴ്സ് റോഡിൽ വീഴുകയായിരുന്നു. വീട്ടിൽ എത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടുവെന്നറിയുന്നത്. തൊട്ടു പിന്നാലെ ഉണ്ണിയുടെ വിളിവന്നു. ഉടൻതന്നെ സിബി ട്യൂഷൻ ക്ലാസിൽ എത്തി പഴ്സ് തിരികെ വാങ്ങിയ ശേഷം മുഹമ്മദ് യാസിനെ അഭിനന്ദിച്ചതോടൊപ്പം പാരിതോഷികം നൽകാൻ ശ്രമിച്ചെങ്കിലും വാങ്ങിയില്ല. പിന്നീട് യു കെ ഡി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മുഹമ്മദ് യാസിനെ അനുമോദിച്ചു.

നെഞ്ചും വിരിച്ചൊരു വരവാ, മാസല്ല; മരണമാസ്! കുട്ടികളെ കയറ്റാതെ ബസിന്‍റെ പരക്കംപാച്ചില്‍, തടഞ്ഞിട്ട് പ്രിൻസിപ്പൽ