ആലപ്പുഴ: നീലാംബരിക്ക് പഠിച്ച് ഉന്നത നിലയിലെത്തണം. എന്നാല്‍ ഇപ്പോള്‍ കിടക്കാന്‍ വീടില്ല, പഠിക്കാന്‍ ടെലിവിഷനുമില്ല. തകര്‍ന്നടിഞ്ഞ ഷെഡിനുള്ളില്‍ തന്റെ ആഗ്രഹങ്ങള്‍ ഒതുക്കി വയ്ക്കുകയാണ് ഈ വിദ്യാര്‍ത്ഥിനി. 

പുറക്കാട് ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് അപ്പാത്തിക്കരി മോഹനകൃഷ്ണന്‍ കവിത ദമ്പതികളുടെ ഏക മകള്‍ നീലാംബരിയുടെ ഓണ്‍ലൈന്‍ പഠനമാണ് ടെലിവിഷനും സ്മാര്‍ട്ട് ഫോണുമില്ലാത്തതിനാല്‍ മുടങ്ങിയത്. വണ്ടാനം തീരദേശത്ത് മാതാവിനൊപ്പമായിരുന്നു കവിത താമസിച്ചിരുന്നത്. പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്തിന് നടുക്ക് 1,500 രൂപ വാടക നല്‍കിയാണ് ഈ കുടുംബം ഈ തകര്‍ന്നടിഞ്ഞ ഷെഡില്‍ താമസിക്കുന്നത്.

മുന്‍വശം തറപ്പാളകൊണ്ട് മറച്ചിരിക്കുകയാണ്. ഷട്ടര്‍ നിര്‍മാണ തൊഴിലാളിയായ മോഹനകൃഷ്ണനും വീട്ടുജോലി ചെയ്യുന്ന കവിതയും വാടക നല്‍കാന്‍ തന്നെ ബുദ്ധിമുട്ടുകയാണ്. ഇതിനിടയിലാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുടെ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചത്. എന്നാല്‍ വീട്ടിലെ ടെലിവിഷന്‍ തകരാറിലായിട്ട് എട്ടു മാസമായതോടെ മകളുടെ പഠനം ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. 

ഒരു വര്‍ഷം മുന്‍പ് പ്രദേശവാസിയായ ഒരാളാണ് ടെലിവിഷന്‍ ഇവര്‍ക്ക് നല്‍കിയത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഈ കുടുംബം കഴിഞ്ഞ 14 വര്‍ഷമായി ലോഡ്ജുകളിലും വാടക വീടുകളിലുമായാണ് കഴിയുന്നത്. ഒരു കാറ്റടിച്ചാല്‍ പറന്നു പോകുന്ന തരത്തിലുള്ള ഈ ഷെഡില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന നീലാംബരിയുടെ പഠനം ഈ ദുരിത ജീവിതത്തിനിടയില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. സുമനസുകള്‍ സഹായിച്ചാല്‍ ഈ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പഠനം തുടരാന്‍ കഴിയും. ഒപ്പം ഭീതിയില്ലാതെ മാതാപിതാക്കള്‍ക്കൊപ്പം അന്തിയുറങ്ങാന്‍ ഒരു കൂരയും. ഇതാണ് ഈ നാലാം ക്ലാസുകാരിയുടെ ആഗ്രഹം.