ജീവൻ കളയുന്ന മത്സരയോട്ടം വേണ്ടെന്നും റോഡിൽ പൊലിയാനുള്ളതല്ല ജീവനെന്നും വിദ്യാ‍ർത്ഥികൾ മുദ്രാവാക്യം മുഴക്കി. സ്റ്റാന്റിന്റെ പ്രധാന കവാടം തടഞ്ഞായിരുന്നു വിദ്യാർത്ഥിനികളുടെ പ്രതിഷേധം

തൃശൂ‍ർ: കോളേജ് വിദ്യ‍ാർത്ഥിനി (Student) ബസ് ഇടിച്ച് (Bus Accident) മരിച്ചതിന് പിന്നാലെ ബസ് സ്റ്റാന്റ് (Bus Stand) ഉപരോധിച്ച് സഹപാഠികൾ. ഇരിങ്ങാലക്കുട ന​ഗരസഭാ ബസ് സ്റ്റാന്റാണ് സെന്റ് ജോസഫ് സ്കൂളിലെ വിദ്യാ‍ർത്ഥിനികൾ ഉപരോധിച്ചത്. കൊടുങ്ങല്ലൂ‍ർ - തൃശൂ‍ർ റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാ‍ർത്ഥി ബസ് ഇടിച്ച് മരിച്ചതിനെ തുട‍ർന്നാണ് വിദ്യാർത്ഥിനികളുടെ പ്രതിഷേധം. 

ജീവൻ കളയുന്ന മത്സരയോട്ടം വേണ്ടെന്നും റോഡിൽ പൊലിയാനുള്ളതല്ല ജീവനെന്നും വിദ്യാ‍ർത്ഥികൾ മുദ്രാവാക്യം മുഴക്കി. സ്റ്റാന്റിന്റെ പ്രധാന കവാടം തടഞ്ഞായിരുന്നു വിദ്യാർത്ഥിനികളുടെ പ്രതിഷേധം. ബസുകളുടെ മത്സരയോട്ടം കാരണമാണ് ജീവൻ പൊലിഞ്ഞതെന്നും ഇനി ഒരു ജീവൻ പോലും നിരത്തിൽ ഇല്ലാതാകരുതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. സ്റ്റാൻഡിൽ നി‍ർത്തിയിട്ടിരുന്ന ബസുകളിൽ കയറി വിദ്യാർഥികൾ ബോധവൽക്കരണം നടത്തി. 

കോളജിലെ അവസാനവർഷ ബികോം വിദ്യാർഥിനിയായ ലയ ഡേവിഡാണ് അപകടത്തിൽ മരിച്ചത്. കോളജിലെ യാത്രയയപ്പു പരിപാടിയിൽ പങ്കെടുക്കാൻ അച്ഛനൊപ്പം സ്കൂട്ടറിൽ വരികയായിരുന്നു ലയ. കരുവന്നൂർ ചെറിയ പാലത്തിനു സമീപത്ത് വച്ച് സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ലയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായി.