വിദ്യാർഥികൾ മർദ്ദിച്ചെന്ന് ബസ് ജീവനക്കാർ, മഞ്ചേരി-കോഴിക്കോട് റൂട്ടിൽ 2 ദിവസം പണിമുടക്ക്, ഒടുവിൽ പത്തിമടക്കി
പത്തോളം വിദ്യാർഥികൾക്കെതിരെയും ബസ് ജീവനക്കാർ ഉൾപ്പെടെ ആറുപേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇരു വിഭാഗത്തിനെതിരെയും ഒരേ വകുപ്പുകളാണ് ചുമത്തിയത്.
മലപ്പുറം: സംഭവ ബഹുലമായിരുന്നു കഴിഞ്ഞ രണ്ട് ദിവസം മഞ്ചേരിയിൽ. മഞ്ചേരി പോളിടെക്നിക് കോളജില വിദ്യാർഥികൾ സംഘം ചേർന്ന് ജീവനക്കാരനെ മർദിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ശനിയാഴ്ചയായിരുന്നു സംഭവം. 'ഫീനിക്സ്' ബസിലെ ജീവനക്കാരെ മർദിച്ചെന്നാരോപിച്ചാണ് മഞ്ചേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കിയത്. ശനിയാഴ്ച വൈകീട്ട് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പണിമുടക്ക് തുടരാൻ തീരുമാനിച്ചെങ്കിലും പിന്നീട് ജീവനക്കാർ സ്വമേധയാ സർവിസ് പുനരാരംഭിക്കുകയായിരുന്നു.
സർവീസ് നിർത്തിയ ബസിന് പിഴ ചുമത്തിയതിന് പിന്നാലെ വിദ്യാർഥികൾക്കെതിരെ കൂടുതൽ നടപടിക്ക് സാധ്യതയില്ലെന്ന നിയമോപദേശം കൂടി ലഭിച്ചതോടെയാണ് രണ്ട് ദിവസം നീണ്ടുനിന്ന പണിമുടക്ക് അവസാനിപ്പിക്കാൻ ബസ് ജീവനക്കാർ നിർബന്ധിതരായത്. 56 ബസുകളാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ സർവിസ് നിർത്തിവെച്ചത്. മിന്നൽ പണിമുടക്ക് യാത്രക്കാരെ സാരമായി ബാധിച്ചു. കെഎസ്ആർടിസി അധിക സർവിസ് നടത്തിയത് ആശ്വാസമായി. മഞ്ചേരി എസ്.ഐ കെ.ആർ. ജസ്റ്റിൻ വിളിച്ചുചേർത്ത യോഗത്തിൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സർവിസ് നടത്തില്ലെന്ന നിലപാടിൽ ജീവനക്കാർ ഉറച്ചുനിന്നു.
Read More.... സഹായധനത്തിൽ നിന്ന് ഇഎംഐ പിടിച്ചു, കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം, ഇരച്ചെത്തി യുവജന സംഘടനകൾ,സംഘർഷം
പത്തോളം വിദ്യാർഥികൾക്കെതിരെയും ബസ് ജീവനക്കാർ ഉൾപ്പെടെ ആറുപേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇരു വിഭാഗത്തിനെതിരെയും ഒരേ വകുപ്പുകളാണ് ചുമത്തിയത്. എന്നാൽ, നിസാര വകുപ്പു പ്രകാരമാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തതെന്നും അറസ്റ്റ് ചെയ്യാതെ പണിമുടക്ക് അവസാനിപ്പിക്കില്ലെന്നും ബസ് ജീവനക്കാർ പൊലീസിനെ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തി വിദ്യാർഥികൾക്ക് ജാമ്യം നൽകാമെന്ന് പൊലീസ് പറഞ്ഞെങ്കിലും വഴങ്ങിയില്ല. തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞെങ്കിലും ഞായറാഴ്ച ഉച്ചയോടെ പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു.