പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു  

തിരുവനന്തപുരം:ബസില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ ആളെ സ്റ്റുഡന്‍റ് പൊലീസ് കുരുക്കി. കുട്ടി പൊലീസുകാരികള്‍ തടഞ്ഞുവച്ച കല്ലമ്പള്ളി സ്വദേശി താരാചന്ദിനെ നാട്ടുകാർ പൊലീസിന് കൈമാറി. പ്രതിക്കെതിരെ പോത്തൻകോട് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പോത്തൻകോട് ഭാഗത്ത് ബസിലും സമാന്തര സർവീസിലും സ്ഥിരമായി പെൺകുട്ടികളോട് താരാചന്ദ് മോശമായി പെരുമാറുന്നു വെന്ന് പരാതി നേരത്ത ഉണ്ട്.

യാത്രക്കാരായ സ്റ്റുഡൻറ് പോലീസ് കേഡറിലെ ചില പെൺകുട്ടികളും ഇത് ശ്രദ്ധിച്ചിരുന്നു. സ്റ്റുഡൻറ് പൊലീസിലെ പെണ്‍കുട്ടികള്‍ ഇന്നലെ പോത്തൻകോട് സിഐ ഷാജിയുടെ ഓപഫീസിലെത്തി പ്രതിയുടെ ചിത്രം നൽകി. ഇയാളെ അറസ്റ്റു ചെയ്യാതെ പോകില്ലെന്ന നിലപാടെടുത്തു. നടപടിയുണ്ടാകുമെന്ന് സിഐ ഉറപ്പുനൽകിയപ്പോഴാണ് കുട്ടികള്‍ പിരിഞ്ഞപോയത്. ഇന്ന് രാവിലെ പതിവുപോലെ ഉപദ്രവം തുടങ്ങിപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന സ്റ്റുഡന്‍റ് പൊലീസ് അംഗങ്ങൾ പൊലീസിനെ വിവരം അറിയിച്ചു,. പോത്തൻകോടിന് സമീപം കരൂറിൽ വച്ച് വാഹനത്തിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ പ്രതിയെ പിടിച്ചിറക്കി പൊലീസിന് കൈമാറി. പോക്സോ ചുമത്തിയ പ്രതിയെ​ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.