Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥികളുടെ പെട്ടി ഓട്ടോ യാത്ര; ഡ്രൈവര്‍ക്കെതിരെയുള്ള നടപടിയെ ന്യായീകരിച്ച് ആര്‍ടിഒ

'അറിവില്ലായ്മയല്ല, അത് അവകാശമാക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ദുരന്ത വ്യാപാരികളെന്നും ചാരായ വേട്ടയുടെയും മയക്ക് മരുന്ന് വേട്ടയുടെയും നിരയിൽ 'ഹെൽമെറ്റ് വേട്ട' എന്ന ഓമനപ്പേരിട്ട് കെട്ടുന്ന പോലുള്ള അധാർമ്മികതയാണ് ഇതെന്നും വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പറയുന്നു. 

students travel in goods auto to school RTO justifying action against driver
Author
Thiruvananthapuram, First Published Feb 25, 2022, 1:07 PM IST


തിരുവനന്തപുരം:  സ്കൂളില്‍ പോകാന്‍ ബസ് കാത്ത് നിന്നെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് അതുവഴി പോയ ഗുഡ്സ് ഓട്ടോറിക്ഷയില്‍ കയറി കുട്ടികള്‍ സ്കൂളില്‍ പോയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. ഡ്രൈവര്‍ക്കെതിരെയുള്ള നടപടിക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ നിരവധി പേര്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രതികരണവുമായി രംഗത്തെത്തിയത്. 

'അറിവില്ലായ്മയല്ല, അത് അവകാശമാക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ദുരന്ത വ്യാപാരികളെന്നും ചാരായ വേട്ടയുടെയും മയക്ക് മരുന്ന് വേട്ടയുടെയും നിരയിൽ 'ഹെൽമെറ്റ് വേട്ട' എന്ന ഓമനപ്പേരിട്ട് കെട്ടുന്ന പോലുള്ള അധാർമ്മികതയാണ് ഇതെന്നും വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പറയുന്നു. 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 

പെട്ടി ഓട്ടോക്കെതിരെ നടപടി - 
നിയമ ലംഘനത്തിന് ചൂട്ടുപിടിക്കണോ?

സ്കൂൾ കുട്ടികളെ  ഗുഡ്സ് ഓട്ടോയിൽ കുത്തി നിറച്ച് അപകടകരമായികയറ്റി കൊണ്ടുപോയ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നിയമ നടപടികൾ സ്വീകരിച്ചിരുന്നു.
കുട്ടികളെ സഹായിക്കാൻ വേണ്ടി ഡ്രൈവർ ചെയ്ത ഒരു പുണ്യ പ്രവർത്തിക്ക് വകുപ്പ് ഇങ്ങനെ ശിക്ഷ നൽകാമോ എന്നാണ് ചിലരുടെ ചോദ്യം.

വളരെ ചെറിയ ചരക്കുകൾ കയറ്റാൻ മാത്രം ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ള stability തീരെ കുറഞ്ഞ പെട്ടി ഓട്ടോറിക്ഷയിൽ കേവലം ഒരടി മാത്രം ഉയരമുള്ള പുറകിലെ ചരക്ക് കയറ്റുന്ന പെട്ടിയിൽ കാലികളേക്കാൾ മോശമായി യാത്ര നടത്തിയതിനെ ന്യായീകരിക്കുന്ന അജണ്ടയെ എങ്ങിനെ ന്യായീകരിക്കും.

ഗുഡ്സ് ഓട്ടോയിലെ പിറകിലെ കുട്ടികളെ ശ്രദ്ധിക്കാൻ ഓട്ടത്തിനിടയിൽ ഡ്രൈവർക്ക് പറ്റില്ല. ശരിയായ ഒരു കൈപ്പിടിപോലുമില്ലാതെയാണ് കുട്ടികൾ ആ വണ്ടിയിൽ യാത്ര ചെയ്തിരുന്നത്.  വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്യേണ്ടി വരികയോ വെട്ടിത്തിരിക്കുകയോ ചെയ്യുമ്പോഴോ ഒരു കുട്ടിയുടെ ബാലൻസ് തെറ്റിയാൽ അടുത്തയാളെ പിടിച്ച് രക്ഷപ്പെടുവാൻ ശ്രമിക്കുന്നത് ഒരു ചെയിൻ റിയാക്ഷന്‍റെ ഫലം ചെയ്യുകയും  ആ അപകടത്തിന്‍റെ  ദാരുണ ഭാവം നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറത്തായിരിക്കും എന്നുള്ള കാര്യം വിസ്മരിക്കരുത്.  ഓർക്കുക, ചെറിയ ഉയരത്തിൽ നിന്ന് വീണാൽ പോലും വാഹനത്തിന്‍റെ വേഗത നിമിത്തം ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാമെന്നിരിക്കെ ഇത്തരം കുറ്റം ചെയ്ത ഡ്രൈവറെ ന്യായീകരിക്കുന്നത് എന്തിന്‍റെ പേരിലായാലും അധാർമ്മികതന്നെയാണ്...

മുൻ കാലങ്ങളിൽ വഴിയിൽ നിന്നും ലിഫ്റ്റ് കൊടുക്കുന്ന കുട്ടികളുമായി ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ട നിരവധി സംഭവങ്ങൾ കേരളത്തിൽ തന്നെയുണ്ട്.

കൂടാതെ ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങൾ കുറവായ ചില ഭാഗങ്ങളിൽ ചരക്കു വാഹനങ്ങളിൽ കൂട്ടമായി യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടുന്ന ദാരുണ സംഭവങ്ങൾ സാധാരണമാണെന്നതും നാം ദയവായി മറക്കരുത്.

ഏറ്റവും വിലപ്പെട്ടതാണ് കുട്ടികളുടെ ആരോഗ്യവും ജീവനും.
അതിനാൽ ഏറ്റവും മുന്തിയ പരിഗണന തന്നെ  കുട്ടികൾക്ക് നാം റോഡിൽ നൽകണം.
അറിവില്ലായ്മയല്ല  അത് അവകാശമാക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ദുരന്ത വ്യാപാരികൾ ...

ചാരായ വേട്ടയുടെയും മയക്ക് മരുന്ന് വേട്ടയുടെയും നിരയിൽ ഹെൽമെറ്റ് വേട്ട എന്ന ഓമനപ്പേരിട്ട് കെട്ടുന്ന പോലുള്ള അധാർമ്മികത .....

Courtesy : Cartoonist A Satheesh
 

 

 


കൂടുതല്‍ വായനയ്ക്ക്:  ബസ് നിര്‍ത്തിയില്ല, സ്കൂളിലെത്താന്‍ ഗുഡ്സ് ഓട്ടോ വിളിച്ച് വിദ്യാര്‍ത്ഥികള്‍; നടപടിയുമായി ആര്‍ടിഒ

 

Follow Us:
Download App:
  • android
  • ios