ഇടുക്കി: മൂന്നാറിലെ കാര്‍ഗില്‍ റോഡ് നടപ്പാതയാക്കി ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍. ട്രാഫിക്ക് കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് മൂന്നാര്‍ പോസ്‌റ്റോഫീസ് കവലയിലെ കാര്‍ഗില്‍ റോഡിലെ വാഹനങ്ങള്‍ ഒഴിവാക്കി നടപ്പാതയാക്കിയത്. 

മൂന്നാറിലെ വിവിധ എസ്‌റ്റേറ്റുകളിലേക്ക് സമാന്തരസര്‍വീസ് നടത്തുന്ന ഓട്ടോ ജീപ്പ് തുടങ്ങിയ ടാക്‌സി വാഹനങ്ങള്‍ ഒഴിവാക്കിയാണ് റോഡ് കാല്‍നടയാത്രക്കാര്‍ക്കായി തുറന്നുനല്‍കിയത്. വാഹനങ്ങള്‍ നിര്‍ത്തുന്നതിനും സമാന്തര സര്‍വീസ് നടത്തുന്നതിനും സ്ഥലം അനുവധിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, കാര്‍ഗില്‍ റോഡിലൂടെയുള്ള ഗതാഗതം നിരോധിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍, ട്രാഫിക്ക് എസ്.ഐ ജെയിംസ് പീറ്റര്‍ എന്നിവര്‍ തീരുമാനം കൈകൊണ്ടു. 

കാല്‍നടയാത്ര സുഗമമാക്കാന്‍ റോഡിന്റെ ഇരുവശത്തും ചങ്ങല സ്ഥാപിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവര്‍മാര്‍ സബ് കളക്ടറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഡ്രൈവര്‍മാരുമായി മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ ചര്‍ച്ചകള്‍ നടത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ഗ്രാമസലാന്റ് ഓട്ടോകള്‍ക്ക് സമാന്തസര്‍വീസ് നടത്തുന്നതിന് മാട്ടുപ്പെട്ടി കവലയില്‍ സ്റ്റാന്റ് നല്‍കുകയും ചെയ്തു. മൂന്നാറിലെ ട്രാഫിക്ക് കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിഷ്‌കരത്തിന്റെ ഭാഗമായാണ് കാര്‍ഗില്‍ റോഡ് വീണ്ടെടുത്തത്.