ഇടുക്കി: കുട്ടികള്‍ക്ക് ആവേശമായി ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജ്. ബാല പഞ്ചായത്ത് അംഗങ്ങളുമായി സബ് കളക്ടര്‍ ആശയ വിനിമയം നടത്തി. കുട്ടികള്‍ ചോദ്യങ്ങളുതിര്‍ത്തപ്പോള്‍ പ്രചോദനാത്മകമായ മറുപടികളുമായി അവരുടെ സ്വന്തം ആളായി മാറി ദേവികുളം സബ് കളക്ടര്‍ രേണുരാജ്.

മറുപടികളില്‍ കുട്ടികള്‍ സന്തുഷ്ടരും സന്തോഷഭരിതരുമായി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദേവികുളം ആര്‍ഡിഒ ഓഫീസില്‍ വച്ചായിരുന്നു കുട്ടികളും സബ് കളക്ടര്‍ രേണുരാജുമായി ആശയവിനിമയം നടത്തുവാന്‍ കളമൊരുങ്ങിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ബാല പഞ്ചായത്ത് അംഗങ്ങളായിരുന്നു സംവാദത്തില്‍ പങ്കെടുത്തത്.

കുട്ടികളില്‍ രാഷ്ട്രീയമായ അവഗാഹം ഉണ്ടാക്കുക, ഭരണപരമായ അടിത്തറകളെക്കുറിച്ച് ബോധവത്ക്കരണം നല്‍കുക എന്നീ ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ബാല പഞ്ചായത്തിലെ കുട്ടികളാണ് ആവേശപൂര്‍വ്വം പരിപാടികളില്‍ പങ്കെടുത്തത്. ജീവിതത്തിലെ വെല്ലുവിളികള്‍ മറികടന്ന് വിജയങ്ങള്‍ കൊയ്യുന്നതിനെക്കുറിച്ചായിരുന്നു കളക്ടര്‍ക്കു നേരെയുള്ള ചോദ്യങ്ങള്‍.

അതിനെക്കുറിച്ച് ഒട്ടും മടിക്കാതെയും ലളിതമായും രേണുരാജ് മറുപടി നല്‍കി. സാമൂഹ്യ ജീവിതത്തിലെ എല്ലാ മേഖലകളും സംവാദത്തില്‍ വിഷയമായി. കൂട്ടുകുടുംബം, സ്ത്രീസുരക്ഷ, വെല്ലുവിളികള്‍, വിദ്യാഭ്യാസം, സേവനപ്രവര്‍ത്തനങ്ങള്‍, സ്ത്രീശാക്തീകരണം, കുടുംബശ്രീ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം കളക്ടര്‍ വാചാലയായി.

ജീവിതത്തില്‍ വിജയം കൊയ്തവരെല്ലാം വളരെയെളുപ്പം ഉയരങ്ങള്‍ കീഴടക്കിയിട്ടില്ലെന്നും അതിനു പിന്നില്‍ വെല്ലുവിളികള്‍ തരണം ചെയ്യുവാനുള്ള മനസ് ഉണ്ടായിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഇതേ പോലെ മുമ്പ് ബാല പാര്‍ലമെന്റ് സംഘടിപ്പിക്കുകയും അത് വളരെയേറെ പ്രയോജനപ്രദമാകുകയും ചെയ്ത സാഹചര്യത്തിലാണ് സംഘാടകര്‍ കുട്ടികള്‍ക്ക് സബ് കളക്ടര്‍ രേണുരാജിനെ കാണുവാനുള്ള അവസരമൊരുക്കിയത്.

ബാല പഞ്ചായത്ത് പ്രസിഡന്റ് നന്ദന സജി, സെക്രട്ടറി ഹര്‍ഷന്‍ അലി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ ജില്ലാമിഷന്റെ പ്രോഗാം കോര്‍ഡിനേറ്റര്‍ ബിപിന്‍ കെ വി, പ്രോഗ്രാം മാനേജര്‍ ബിജു ജോസ് എന്നിവരുടെ നേതൃത്വത്തിരായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.