ഇടുക്കി:  കാൽനടയാത്രക്കാർക്ക് ദുരിതം വിതച്ച വഴിയോരകച്ചവടങ്ങളും അനധികൃത നിർമ്മാണവും പെരുകിയിട്ടും നടപടിയെടുക്കാതെ മൂന്നാര്‍ പഞ്ചായത്ത്. പരാതിയേറിയിട്ടും കയ്യേറ്റം ഒഴിപ്പിക്കാഞ്ഞതോടെ ദൗത്യം ഏറ്റെടുത്ത് ദേവികുളം  സബ് കളക്ടർ രേണുരാജ്. കാൽനടയാത്രക്കാർക്ക് ദുരിതം വിതച്ച വഴിയോരകച്ചവടങ്ങളും അനധികൃത നിർമ്മാണവും സബ്കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പൊളിച്ചുനീക്കി. 

മൂന്നാർ ടൗൺ, ചർച്ചിൽ പാലം, കോളനി റോഡിലെ വിദേശമദ്യഷോപ്പിന് സമീപത്തെ കച്ചവടങ്ങൾ, മെയിൽ ബസാർ എന്നിവിടങ്ങളിലെ അനധികൃത കച്ചവടങ്ങളാണ് ദേവികുളം സബ് കളക്ടർ രേണുരാജിന്റെ നിർദ്ദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫീസർ എസ്.ജയരാജിന്റെ നേതൃത്വത്തിൽ മൂന്നാർ പൊലീസും - പഞ്ചായത്തും- ദൗത്യസംഘവും സംയുക്തമായി ഒഴിപ്പിച്ചത്. മെയിൻ ബസാറിൽ കൈയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥരുടെ നടപടിയിൽ ചില കച്ചവടക്കാർ പ്രതിഷേതവുമായി രംഗത്തെത്തിയെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം ശാന്തമാക്കി. 

പ്രദേശവാസികളടക്കം ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് മൂന്നാർ ടൗൺ സന്ദർശിക്കാൻ എത്തുന്നത്. ഇവർക്ക് അപകടങ്ങൾ കൂടാതെ നടക്കുന്നതിന് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നടപ്പാതകളും നിർമ്മിച്ചിട്ടുണ്ട്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയവർ ഇത്തരം നടപ്പാതകൾ കൈയ്യടക്കി കച്ചവടം നടത്തുകയായിരുന്നു. നാട്ടുകാരുടെ പരാതിയിൽ മൂന്നാർ പഞ്ചായത്ത് നിരവധിതവണ കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും തുടർനടപടികൾ കടലാസിലൊതുങ്ങി. പെരുകിവരുന്ന അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ പഞ്ചായത്തിന് സബ് കളക്ടർ നിർദ്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഇതേ തുടർന്നാണ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ മൂന്നാർ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയത്. സി.പി.എം ഓഫീസിന് സമീപത്ത് റവന്യുവകുപ്പിന്റെ അനുമതിയില്ലാതെ  നിർമ്മിച്ച നിർമ്മാണവും അധികൃതർ പൊളിച്ചുനീക്കി. രാത്രിയുടെ മറവിൽ കോളനിയിൽ നിന്നും ഒഴുകിയെത്തുന്ന കൈത്തോട് കൈയ്യേറി നിർമ്മിച്ച അനധികൃത നിർമ്മാണങ്ങളാണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ദൗത്യസംഘം പൊളിച്ചുനീക്കിയത്. ഇരുമ്പ് കമ്പികൾ കോൺഗ്രറ്റ് ചെയ്ത് അതിനുമുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കാനായിരുന്നു പദ്ധതി. 

മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ മുൻവശത്ത് വാഹനങ്ങളും ഭൂമിക്കുചുറ്റും പ്ലാസ്റ്റിക്ക് ചാക്കുകളും കെട്ടിയാണ് നിർമ്മാണം പുരോഗമിച്ചത്. സ്പെഷ്യൽ തഹസിൽദ്ദാർ ഓഫീസിന് എതിർവശത്തായി നടന്ന അനധികൃത നിർമ്മാണത്തിനെതിരെ നാട്ടുകാർ സബ് കളക്ടർക്ക് പരാതി നൽകിയതോടെയാണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്.