Asianet News MalayalamAsianet News Malayalam

സുഭിക്ഷകേരളം പദ്ധതി: സംയോജിത കൃഷി പദ്ധതികൾക്ക് തുടക്കം

നടുവണ്ണൂർ കാലിക്കറ്റ് ഇന്‍റഗ്രേറ്റഡ് പവർലൂം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അഞ്ച് ഏക്കർ സ്ഥലത്ത് സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള സംയോജിത കൃഷി പദ്ധതികൾക്ക്  തുടക്കമായി

Subhikshakeralam Project Integrated farming initiatives started
Author
Kerala, First Published May 14, 2020, 8:50 PM IST

കോഴിക്കോട്: നടുവണ്ണൂർ കാലിക്കറ്റ് ഇന്‍റഗ്രേറ്റഡ് പവർലൂം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അഞ്ച് ഏക്കർ സ്ഥലത്ത് സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള സംയോജിത കൃഷി പദ്ധതികൾക്ക്  തുടക്കമായി.  സംസ്ഥാന വ്യവസായ വകുപ്പ്, കാർഷികവികസന കർഷകക്ഷേമ വകുപ്പ്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്, ക്ഷീരവികസന വകുപ്പ്, ഹരിത കേരളം മിഷൻ  എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പച്ചക്കറി, വാഴ, കിഴങ്ങുവർഗ്ഗ വിളകൾ, പഴവർഗ്ഗങ്ങൾ, വൃക്ഷവിളകൾ, കരനെൽകൃഷി, പൈനാപ്പിൾ എന്നിവയുടെ കൃഷിയോടൊപ്പം സംയോജിത കൃഷിയുടെ ഭാഗമായി ഡയറി ഫാം, മത്സ്യകൃഷി, പുൽകൃഷി എന്നിവരും ലക്ഷ്യമിടുന്നു. സംയോജിത കൃഷി അവലംബിക്കാൻ 20 പശുക്കളെ വാങ്ങി പരിപാലിക്കുന്നതിന്റെ മുന്നോടിയായി നിലവിൽ 50 സെന്റോളം പുൽകൃഷി ആരംഭിച്ചിട്ടുണ്ട്. മഴവെള്ള സംഭരണി നിർമ്മിക്കാനും ലക്ഷ്യമിടുന്നു. 

നാല് ഏക്കറോളം വരുന്ന റബ്ബർ തോട്ടം നിലവിൽ പരിപാലന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുഴുവനും വെട്ടി മാറ്റി അനുയോജ്യമായ വിളകളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് പരിപാലിക്കാനാണ് ഉദ്ദേശിക്കുന്നത്.  പച്ചക്കറി, വാഴ, കിഴങ്ങുവർഗങ്ങൾ പോലെയുള്ള വിവിധ ഭക്ഷ്യ വിളകളും ഇടവിളയായി പുല്ല്, ഇഞ്ചി, മഞ്ഞൾ പോലെയുള്ള സുഗന്ധവിളകളും ചെയ്യാനാവും.  വെട്ടുകല്ല് മണ്ണായ ഈ പ്രദേശത്ത് സ്ഥാപനത്തിന് വരുമാനദായകമായി കശുമാവ്, വിവിധ വൃക്ഷ വിളകളും നിർദേശിച്ചു. 

പദ്ധതിയുടെ ഉദ്ഘാടനം  ബാലുശ്ശേരി   എംഎൽഎ പുരുഷൻ കടലുണ്ടി മരച്ചീനി കൃഷിക്കുള്ള കമ്പ് നട്ടുകൊണ്ട് നിർവ്വഹിച്ചു. സിപ്കോ ചെയർമാൻ പികെ മുകുന്ദൻ അധ്യക്ഷത വഹിച്ചു.  നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യശോദ തെങ്ങിട മുഖ്യാതിഥിയായി.  ഹരിതകേരളം ജില്ലാ കോർഡിനേറ്റർ പി പ്രകാശ് പദ്ധതി വിശദീകരണം നടത്തി. 

കൃഷി ഓഫീസർ പി ഷെൽജ, കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് സിഎം ശ്രീധരൻ, കാവുന്തറ സർവ്വീസ് ബാങ്ക് പ്രസിഡന്റ് ശശി കോലാത്ത്, താലൂക്ക് വ്യവസായ ഓഫീസർ പി ശശികുമാർ, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്സൻ അനഘ എം എന്നിവർ സംസാരിച്ചു.  ഡയറക്ടർ ബോർഡ് അംഗം കെഎം പുഷ്പ സ്വാഗതവും സെക്രട്ടറി എൻ പരമേശ്വരൻ നന്ദിയും പറഞ്ഞു. സ്ഥാപനത്തിലെ ഡയറക്ടർ ബോർഡ് അംഗങ്ങളും, ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.  കാർഷിക കർമ്മ പദ്ധതികളുടെ നടത്തിപ്പിനായി നിരീക്ഷണ സമിതിയും സാങ്കേതിക നിർവ്വഹണ സമിതിയും രൂപീകരിച്ചു.

Follow Us:
Download App:
  • android
  • ios