Asianet News MalayalamAsianet News Malayalam

ഒരു വര്‍ഷത്തിനുള്ളില്‍ ലഹരിവസ്തുക്കള്‍ പിടികൂടിയത് 1024 തവണ; മുത്തങ്ങ ചെക്‌പോസ്റ്റ് കേരളത്തിന്റെ പുതിയ ലഹരി ഇടനാഴിയോ?

പിടികൂടിയ കേസുകളില്‍ ഭൂരിപക്ഷവും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിച്ചതാണ്. ഇത്തരത്തില്‍ വിവരങ്ങള്‍ ലഭിക്കാതെ കള്ളക്കടത്തുകാരുടെ വാഹനങ്ങള്‍ പലതും ഇതുവഴി കടന്നുപോയിട്ടുണ്ടെന്നാണ് നിഗമനം. കേസുകളുടെ എണ്ണം തന്നെയാണ് ഈ നിഗമനത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

substances seized 1024 times in one year at muthanga check post
Author
Kalpetta, First Published Jan 13, 2020, 12:48 PM IST

കല്‍പ്പറ്റ: കര്‍ണാടക-കേരള അതിര്‍ത്തിയിലെ മുത്തങ്ങ ചെക്‌പോസ്റ്റ് ലഹരി-കള്ളക്കടത്തു സംഘങ്ങളുടെ 'സേഫ് റൂട്ട്' ആയി മാറുന്നു. ഇവിടുത്തെ എക്‌സൈസ് ചെക് പോസ്റ്റില്‍, ഒരു വര്‍ഷത്തിനുള്ളില്‍ 1024 തവണയാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണവും സ്വര്‍ണവും മരത്തടികളുമെല്ലാം ഇതിനിടെ പിടിയിലായിട്ടുണ്ട്. എന്നാല്‍ പിടികൂടിയ കേസുകളില്‍ ഭൂരിപക്ഷവും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിച്ചതാണ്. 

ഇത്തരത്തില്‍ വിവരങ്ങള്‍ ലഭിക്കാതെ കള്ളക്കടത്തുകാരുടെ വാഹനങ്ങള്‍ പലതും ഇതുവഴി കടന്നുപോയിട്ടുണ്ടെന്നാണ് നിഗമനം. കേസുകളുടെ എണ്ണം തന്നെയാണ് ഈ നിഗമനത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടുവന്നതിനാണ് കേസുകള്‍ കൂടുതലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2019-ല്‍ 992 തവണ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. 32 മയക്കുമരുന്നു കേസുകളും ഉണ്ടായി. വാഹന പരിശോധനയ്ക്കിടെ 1,47,54,950 കോടി രൂപയുടെ കുഴല്‍പ്പണവും 888.3582 ഗ്രാം സ്വര്‍ണ ബിസ്‌കറ്റും 621.31 ഗ്രാം സ്വര്‍ണാഭരണങ്ങളും 183 ക്യുബിക് ഫീറ്റ് ഈട്ടി മരത്തടിയും 1.470 കിലോ ഗ്രാം ചന്ദന മരക്കഷ്ണങ്ങളും പിടികൂടിയവയുടെ കൂട്ടത്തിലുണ്ട്.

ഇതില്‍ ലഹരി വസ്തുക്കളല്ലാത്ത സാധനങ്ങള്‍ പൊലീസിനും വനംവകുപ്പിനും വില്‍പന നികുതി വകുപ്പിനുമെല്ലാം കൈമാറുകയാണ് പതിവ്. കള്ളക്കടത്ത് കേസുകളില്‍ പിടിയിലായതില്‍ 90 ശതമാനവും യുവാക്കളാണ്. കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണവും വന്‍തോതില്‍ ലഹരിവസ്തുക്കളും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ വഴി കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കടത്തിക്കൊണ്ടുവരുന്നുണ്ടെന്നാണ്, ചെക് പോസ്റ്റില്‍ പിടികൂടിയവയുടെ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.

സംസ്ഥാന അതിര്‍ത്തിയായിട്ടും മുത്തങ്ങയിലെ എക്‌സൈസ് ചെക് പോസ്റ്റിലെ പരിശോധന മാത്രമാണ് കള്ളക്കടത്തുകാര്‍ക്ക് മുന്നിലുള്ള ഏകതടസ്സം. എക്‌സൈസ് ചെക് പോസ്റ്റിലാകട്ടെ ആവശ്യത്തിന് അംഗബലമോ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്നിട്ടും വാഹനങ്ങള്‍ എല്ലാം പരിശോധിച്ചാണ് വിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. പരിശോധനകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ കള്ളക്കടത്ത് സംഘങ്ങള്‍ പല വിദ്യകളും ഉപയോഗിക്കാറുണ്ടെങ്കിലും ഇക്കാര്യങ്ങള്‍ തങ്ങള്‍ കണ്ടെത്താറുണ്ടെന്ന് അധികൃതര്‍ പറയുന്നു. 

വാഹനങ്ങളില്‍ അതിവിദഗ്ധമായി നിര്‍മ്മിച്ച രഹസ്യ അറകള്‍ പോലും കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്ത് സംഘങ്ങള്‍ കൂടുതലും ഉപയോഗിക്കുന്നത് കാറുകളാണ്. ആഡംബര കാറുകള്‍വരെ ഇക്കൂട്ടത്തില്‍ ഉണ്ട്.  കെ.എസ്.ആര്‍.ടി.സി. ബസിലും ലോറികളില്‍ പച്ചക്കറി മുതലുള്ള സാധനങ്ങള്‍ക്കിടയിലും  ഇരുചക്ര വാഹനങ്ങളിലുമെല്ലാം കള്ളക്കടത്ത് സാധനങ്ങള്‍ എത്തുന്നുണ്ട്. 

2019-ല്‍ മുത്തങ്ങയില്‍ പിടികൂടിയ ലഹരിവസ്തുക്കള്‍

കഞ്ചാവ്-14.5 കിലോ ഗ്രാം

ചരസ്-2.025 കിലോ ഗ്രാം

ക്യാപ്സ്യൂള്‍-2,143

ടാബ്‌ലെറ്റ്-175

ആംപ്യൂള്‍ -95

പുകയില ഉത്പന്നങ്ങള്‍-2118.9 കിലോ ഗ്രാം (70,630 പാക്കറ്റ് )

വിദേശനിര്‍മിത സിഗരറ്റ്-1,20,000

കര്‍ണാടക നിര്‍മിത ഇന്ത്യന്‍ വിദേശമദ്യം-123.175 ലിറ്റര്‍
 

Follow Us:
Download App:
  • android
  • ios