വളാഞ്ചേരി: വേണമെങ്കിൽ വാഴ വീടിന്റെ മട്ടുപ്പാവിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ്   സുകുമാരൻ മാസ്റ്റർ. വളാഞ്ചേരി പട്ടാമ്പി റോഡിൽ സ്വന്തം വീടിന്റെ മട്ടുപ്പാവിലാണ് ഈ റിട്ടയേഡ് അധ്യാപകൻ മറ്റ് പച്ചക്കറികൾക്കൊപ്പം വാഴ കൃഷിയിലും പരീക്ഷണം നടത്തി വിജയം കണ്ടത്. വീട് വെച്ച ശേഷം സ്ഥലം കുറഞ്ഞതോടെയാണ് വീട്ടിലേയ്ക്കാവശ്യമായ പച്ചക്കറികൾ സ്വന്തമായി കൃഷിചെയ്യാൻ തീരുമാനിച്ച് മട്ടുപ്പാവിലേക്ക് തിരിഞ്ഞത്. 

ഇതിനിടയിലാണ് മട്ടുപ്പാവിലും വാഴ വിളയിച്ചു നോക്കിയാലോ എന്ന ചിന്ത മാഷെ നയിച്ചത്. അങ്ങനെയാണ് ടെറസ്സിൽ വലിയ ചാക്കിൽ മണ്ണും വളവും നിറച്ച് ഒരു വാഴക്കന്ന് നട്ടത്. കൃത്യമായ പരിചരണം ഉണ്ടായാൽ മട്ടുപ്പാവിലും  കൃഷി നടത്താൻ കഴിയുമെന്നാണ് സുകുമാരൻ മാസ്റ്റർ പറയുന്നത്. ആദ്യമായി ടെറസ്സിൽ താൻ വെച്ച വാഴ കുലച്ചുകണ്ട സന്തോഷത്തിലാണ് ചെറിയമുണ്ടം എഎംഎൽപി സ്‌കൂളിൽ പ്രധാനാധ്യാപകനായി വിരമിച്ച സുകുമാരൻ മാഷും എല്ലാവിധ പിന്തുണയും നൽകുന്ന ഭാര്യ സരോജിനിയും.