മലിനീകരണത്തിന്റെ പേരില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് അടക്കാന്‍ ഉത്തരവിട്ട മാര്‍ക്കറ്റാണിത്.

സുല്‍ത്താന്‍ ബത്തേരി: ബത്തേരി റഹീം മെമ്മോറിയല്‍ റോഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മത്സ്യ-മാംസ വില്‍പ്പനക്കാരെ ചുങ്കം ബസ് സ്റ്റാന്റിന് സമീപത്തെ മാര്‍ക്കറ്റിലേക്ക് മാറ്റിയതിനെതിരെ വ്യാപാരികളും തൊഴിലാളികളും രംഗത്ത്. ടൗണില്‍ നിന്ന് എത്തിപ്പെടാന്‍ പ്രയാസമുള്ള ഇടത്തേക്ക് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മാറ്റിയതോടെ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു. 

ആധുനിക മാര്‍ക്കറ്റ് എന്ന് പേരെഴുതി വച്ചിട്ടുണ്ടെങ്കിലും അത്തരം സൗകര്യങ്ങളൊന്നും ഇവിടെയില്ലെന്നാണ് തൊഴിലാളികളും വ്യാപാരികളും പറയുന്നത്. മലിനജലം ശുദ്ധീകരിച്ച് ഓടയിലേക്ക് ഒഴുക്കി വിടാനുള്ള പ്ലാന്റ് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തനസജ്ജമല്ല. ഇതിനുള്ള ടാങ്കില്‍ കൊതുകും തവളയും പെറ്റുപെരുകിയിരിക്കുകയാണ്. ഓടകള്‍ വൃത്തിയാക്കാത്തതിനാല്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. മഴ പെയ്താല്‍ ഓടയില്‍ നിന്നുള്ള മാലിന്യം മാര്‍ക്കറ്റിലേക്ക് ഒഴുകുകയാണെന്നും കച്ചവക്കാര്‍ പറയുന്നു. അഞ്ചിലേറെ ഇറച്ചി സ്റ്റാളുകളും അത്രത്തോളം മീന്‍ വില്‍പ്പനക്കാരുമാണ് ഇവിടെയുള്ളത്.

എല്ലാ സൗകര്യങ്ങളോടെയായിരിക്കും ചുങ്കത്തെ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തുടങ്ങുകയെന്ന് പറഞ്ഞാണ് റഹീം മെമ്മോറിയല്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റില്‍ നിന്ന് കച്ചവടക്കാരെ ഇവിടെ എത്തിച്ചത്. വാര്‍ഡ് കൗണ്‍സിലറുടെ താല്‍പ്പര്യമാണ് ചുങ്കം മാര്‍ക്കറ്റ് ഇത്ര തിടുക്കത്തില്‍ മാറ്റാന്‍ കാരണമായതെന്ന് വ്യാപാരികള്‍ ആരോപിച്ചു. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ നഗരസഭക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യാപാരികളും തൊഴിലാളികളും അറിയിച്ചു.

മലിനീകരണത്തിന്റെ പേരില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് അടക്കാന്‍ ഉത്തരവിട്ട മാര്‍ക്കറ്റാണിത്. മലിനജലം ഒഴുകി പോകാനും ഇതിനായുള്ള ടാങ്ക് സജ്ജീകരിച്ചിട്ടില്ലെന്ന കാരണങ്ങളാലുമാണ് മലിനീകരണ ബോര്‍ഡിന്റെ നടപടിയുണ്ടായത്. വൃത്തിയുടെ നഗരമെന്ന് സംസ്ഥാനത്ത് പേരെടുത്ത ബത്തേരിയുടെ വേറിട്ട മുഖമാണ് മാര്‍ക്കറ്റില്‍ കാണാന്‍ കഴിയുകയെന്ന് തൊഴിലാളികള്‍ പറയുന്നു. നഗരം വൃത്തിയാക്കുന്നുണ്ടെങ്കിലും മാര്‍ക്കറ്റിന്റെ കാര്യത്തില്‍ ചെയര്‍മാന്‍ ഇതേ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.