പൂര്‍ണ്ണമായും ജൈവ രീതിയിലായിരുന്നു കൃഷി. മൂവായിരത്തില്‍ അധികം ചെടികളാണ് പൂവിട്ട് നില്‍ക്കുന്നത്

കാസർകോട്: സൂര്യകാന്തി കൃഷിയില്‍ വിജയം കൊയ്യുകയാണ് കാസർകോട്ടെ ഒരു കര്‍ഷകന്‍. പരീക്ഷണാടിസ്ഥാനത്തിലാണ് തൈക്കടപ്പുറം സ്വദേശിയായ ശശിധരന്‍ സൂര്യകാന്തി കൃഷി ചെയ്യാന്‍ തീരുമാനിച്ചത്.

വയനാട്ടില്‍ നിന്ന് വിത്ത് എത്തിച്ചാണ് കാസര്‍കോട് തൈക്കടപ്പുറത്ത് ശശിധരന്‍ സൂര്യകാന്തി കൃഷി തുടങ്ങിയത്. പരീക്ഷണം ആദ്യഘട്ടത്തില്‍ പാളി. കള നിറഞ്ഞതോടെ ചെടികളുടെ വളര്‍ച്ച മുരടിച്ചു.

കളകളെ തുരത്തിയതോടെ സൂര്യകാന്തി തഴച്ച് വളരാന്‍ തുടങ്ങി. മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു. പൂര്‍ണ്ണമായും ജൈവ രീതിയിലായിരുന്നു കൃഷി. മൂവായിരത്തില്‍ അധികം ചെടികളാണ് പൂവിട്ട് നില്‍ക്കുന്നത്.

നേരത്തെ കടുകും ഉരുളക്കിഴങ്ങും ചോളവും അടക്കമുള്ളവ ശശിധരന്‍ കൃഷി ചെയ്തിരുന്നു. കൃഷിയില്‍ പുതുമകള്‍ പരീക്ഷിക്കുന്ന ഇദ്ദേഹം രണ്ട് തവണ ജില്ലാ ജൈവ കൃഷി അവാര്‍ഡ് നേടിയിട്ടുണ്ട്.