തൃശ്ശൂര്‍: നാൽപ്പതോളം നായ്ക്കളെ സംരക്ഷിക്കാനായി, ക്യാമ്പിലേക്ക് പോകാതെ വീട്ടിൽ കൂട്ടിരിക്കുകയാണ് തൃശൂർ തളിക്കുളം സ്വദേശികളായ സിന്‍റോയും സുനിതയും. പ്രദേശത്ത് വെള്ളം കയറിയതോടെ അയൽക്കാർ എല്ലാം ക്യാമ്പിലേക്ക് മാറിയെങ്കിലും നായ്‍ക്കള്‍ ഉള്ളതിനാല്‍ വീട്ടില്‍ തന്നെ തുടരുകയാണ് ഇവര്‍. 

ആളുകള്‍ ഉപേക്ഷിച്ചതും പരിക്കേറ്റതുമായ നായ്ക്കളെ ദീര്‍ഘകാലമായി സുനിത സംരക്ഷിച്ച് വരികയാണ്. സുഖമില്ലാത്ത നായ്‍ക്കളുള്ളതിനാല്‍ തങ്ങള്‍ ക്യാമ്പിലേക്ക് പോയാല്‍ അവര്‍ക്ക് ആര് ഭക്ഷണം നല്‍കുമെന്നതാണ് സുനിതയുടെ ദുഖം.  ക്യാമ്പിലേക്ക് പോയാല്‍ തങ്ങള്‍ക്ക് ഭക്ഷണം കിട്ടും എന്നാല്‍ നായ്‍ക്കള്‍ക്ക് ആര് ഭക്ഷണം നല്‍കുമെന്നും സുനിത ചോദിക്കുന്നു. വേറൊരു നിവൃത്തിയുമില്ലാത്തതിനാല്‍ ക്യാമ്പിലേക്ക് പോകുന്നില്ലെന്നാണ് സുനിത പറയുന്നത്.