കരുവന്നൂർ ബാങ്ക് നിക്ഷേപം തിരികെ ആവശ്യപ്പെട്ട വയോധികയോട് കയർത്തും, വീട് ചോദിച്ചയാളുടെ നിവേദനം നിരസിച്ചും കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തിൽ. 

തൃശ്ശൂർ: തൃശ്ശൂർ എം.പി.യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിൽ. ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിക്കിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു വയോധിക ചോദിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയാണ് വിവാദത്തിന് ഇടയാക്കിയത്.

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോ എന്നായിരുന്നു വയോധികയുടെ ചോദ്യം. അതിന് മുഖ്യമന്ത്രിയെ സമീപിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ മറുപടി. എന്നാൽ, മുഖ്യമന്ത്രിയെ തേടി തനിക്ക് പോകാൻ കഴിയില്ലെന്ന് വയോധിക പറഞ്ഞതോടെ 'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ പ്രതികരിച്ചു.

തുടർന്ന്, 'ഞങ്ങളുടെ മന്ത്രിയല്ലേ നിങ്ങൾ?" എന്ന് വയോധിക ചോദിച്ചപ്പോൾ, 'അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ഇഡി പിടിച്ചെടുത്ത പണം സ്വീകരിക്കാൻ പറയൂ, എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ' എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

കൊച്ചു വേലായുധന് വീട് നിര്‍മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച സിപിഎം കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കണമെന്നും അതിനായി കരുവന്നൂരിൽ ഒരു കൗണ്ടര്‍ തുടങ്ങട്ടെയെന്നും സുരേഷ്‍ഗോപി വെല്ലുവിളിച്ചു. സിപിഎം പാര്‍ട്ടി സെക്രട്ടറിമാര്‍ ഇറങ്ങി കരുവന്നൂരിൽ കൗണ്ടര്‍ തുടങ്ങണം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദറിനെ പോലുള്ളവർ കരുവന്നൂരിലെ നിക്ഷേപകരെ കാണുന്നില്ലെയെന്നും കരുവന്നൂരിലെ കാശ് മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്നും സുരേഷ്‍ഗോപി പറഞ്ഞു. കരുവന്നൂരിൽ ഇ.ഡി പിടിച്ച സ്വത്തുക്കൾ നിക്ഷേപകർക്ക് മടക്കി നൽകാൻ തയാറാണ്. ആ സ്വത്തുക്കൾ സ്വീകരിക്കേണ്ടെന്നാണ് സഹകരണ വകുപ്പിന്‍റെ നിലപാട്. ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയണമെന്നുമായിരുന്നു കരുവന്നൂര്‍ വിഷയം ഉന്നയിച്ച വയോധികയ്ക്ക് സുരേഷ് ഗോപി നൽകിയ മറുപടി.

കൊച്ചു വേലായുധന്‍റെ നിവേദനം

തൃശൂർ ചേർപ്പിലെ കലുങ്ക് സംവാദത്തിനിടെ വീട് പണിയാൻ സഹായം ചോദിച്ചെത്തിയ കൊച്ചുവേലായുധന്‍റെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശദീകരിച്ചത്. സംവാദത്തിനിടെ ഉയർന്ന കരുവന്നൂർ വിഷയത്തിൽ സിപിഎമ്മിനെയും ജില്ലാ സെക്രട്ടറിയെയും വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. വീട് പണിയാൻ ഇറങ്ങിയവർ കരുവന്നൂരിലും ഇറങ്ങട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലും സംഘടിപ്പിച്ച കലുങ്ക് സംവാദ സദസിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.സ്വന്തം ആവശ്യങ്ങൾ അല്ലാതെ പൊതുതാല്പര്യ ആവശ്യങ്ങൾക്കാണ് സംവാദ വേദി മുൻഗണന നൽകുന്നതെന്ന് അറിയിച്ചാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് കലുങ്ക് സംവാദ സദസ് ആരംഭിച്ചത്. പുള്ള് സ്വദേശി കൊച്ചുവേലായുധന്‍റെ വീടിനായുള്ള അപേക്ഷ സുരേഷ് ഗോപി കയ്യിൽ വാങ്ങാതിരുന്നത് വലിയ വിവാദമായിരുന്നു. സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധന് സിപിഎം വീട് പണിതു നൽകുമെന്ന് ഉറപ്പും നൽകി. വിവാദം മൂർച്ഛിച്ചതോടെയാണ് കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിൽ സുരേഷ് ഗോപിയുടെ വിശദീകരണം.

YouTube video player