കൊച്ചിയിൽ ഫാൻസി നമ്പറുകൾക്ക് ആവശ്യക്കാരേറിയതോടെ മോട്ടോർ വാഹന വകുപ്പിന് കോടികളുടെ വരുമാനം. എറണാകുളം ആർടി ഓഫീസിനാണ് നേട്ടം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫാൻസി നമ്പർ ലേലം വഴി 33.15 കോടി രൂപയുടെ വരുമാനം ഉണ്ടായി.
കൊച്ചി: വാഹന രജിസ്ട്രേഷൻ നമ്പറുകളിൽ ഫാൻസി നമ്പറുകൾ നേടാനുള്ള കൊച്ചിക്കാരുടെ ആവേശം മോട്ടോർ വാഹന വകുപ്പിന് കോടികളുടെ വരുമാനം സമ്മാനിക്കുന്നു. എറണാകുളം ആർടി ഓഫീസിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫാൻസി നമ്പർ ലേലം വഴി മാത്രം ലഭിച്ചത് 33.15 കോടി രൂപയാണ്. 2021 ഏപ്രിൽ ഒന്നുമുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം, 125 ഫാൻസി നമ്പറുകളാണ് ലേലത്തിലൂടെ വിറ്റുപോയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
കൊച്ചി റീജിയണിൽ ‘കെഎൽ 07’ സീരീസിലെ ഇഷ്ട നമ്പറുകൾ സ്വന്തമാക്കാൻ വാഹനപ്രേമികൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. രജിസ്ട്രേഷനു മുൻപ് 3,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് അടച്ചാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ഓൺലൈൻ ലേലത്തിൽ ഏറ്റവും ഉയർന്ന തുക വിളിക്കുന്നവർക്ക് നമ്പർ അനുവദിക്കും. തുടർന്ന് അഞ്ച് ദിവസത്തിനകം തുക അടയ്ക്കണം, വീഴ്ച സംഭവിച്ചാൽ നമ്പർ റദ്ദാക്കി വീണ്ടും ലേലത്തിന് വെക്കും.
വർഷംതോറും വരുമാനം ഉയർന്ന് വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2021-22ൽ 1.43 കോടി രൂപയായിരുന്ന വരുമാനം 2024-25ൽ 10.16 കോടി രൂപയായി ഉയർന്നു. 2025-26 (മാർച്ച് വരെ) 7.99 കോടി രൂപയും ലഭിച്ചു. കൊവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ ഫാൻസി നമ്പറുകളുടെ ആവശ്യകതയിൽ വലിയ വർധനയുണ്ടായതായും സിനിമാ താരങ്ങൾ, വ്യവസായികൾ, വാഹനപ്രേമികൾ ഉൾപ്പെടെ നിരവധി പേർ ഇതിൽ പങ്കാളികളാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


