ഇടുക്കി: ഇടുക്കി മൂലമറ്റത്തെ സുശീല ഹോട്ടലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയാണ്. 70 രൂപയ്ക്കാണ് സുശീല ഈ സദ്യ വിളമ്പുന്നത്. 25 തരം കറികളും കൂട്ടിയാണ് ഇവര്‍ ഊണ് വിളമ്പുക. രാവില നാല് മണിയാകുമ്പോള്‍ തുടങ്ങും ഈ വിഭവങ്ങള്‍ക്കായുള്ള പണികള്‍. പതിനെട്ടുവയസ്സുവരെ അടുക്കളയില്‍ പോലും കയറിയിട്ടില്ല സുശീല. എന്നാല്‍ മരിക്കുന്നതിന് മുമ്പ് അമ്മ പറഞ്ഞ ആഗ്രഹമാണ് സുശീലയെ നല്ല ഗംഭീരന്‍ പാചകക്കാരിയാക്കിയത്.  

മരിക്കുന്നതിന് മുമ്പ് സുശീല ഉണ്ടാക്കിയ ചോറും കറിയും കഴിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ആദ്യമായി ഇഡ്ഢലിയും ചമ്മന്തിയുമാണ് ഉണ്ടാക്കിയതെന്നും ഓര്‍ത്തെടുക്കുന്നു ഇവര്‍. മക്കളുടെ വിവാഹം കഴിഞ്ഞപ്പോഴേക്കും കടബാധ്യതകളായി. അങ്ങനെയാണ് ഏഴ് വര്‍ഷം മുമ്പ് ഹോട്ടല്‍ തുടങ്ങിയത്.

70രൂപയ്ക്ക് എന്നും സദ്യ നല്‍കിയാല്‍ മുതലാകുമോ എന്നതിനും കൃത്യമായ മറുപടിയുമുണ്ട് സുശീലയ്ക്ക്. ലാഭമൊന്നും ഇല്ലെങ്കിലും പാവങ്ങളായ ഒരുപാട് പേര്‍ക്ക് ജോലി നല്‍കാനാകുന്നല്ലോ എന്നാണ് ഇവര്‍ പറയുന്നത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍, ചലച്ചിത്ര താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.